നിയമം നോക്കുകുത്തി; റാഗിംഗ് ക്രൂരത വര്‍ധിക്കുന്നു
1571487
Monday, June 30, 2025 12:55 AM IST
സ്വന്തം ലേഖകന്‍
കാസര്‍ഗോഡ്: സ്കൂളില്‍ റാഗിംഗിനെതിരെ ബോധവത്കരണങ്ങളും പോലീസ് മുന്നറിയിപ്പുകളുമൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും ജില്ലയില്‍ റാഗിംഗ് ക്രൂരതയ്ക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ യാതൊരു കുറവുമുണ്ടാകുന്നില്ല.
മഞ്ചേശ്വരം താലൂക്കിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ നജീബ് (യഥാര്‍ഥ പേരല്ല) സ്കൂളില്‍ വന്ന് അഞ്ചാംദിവസമാണ് പ്ലസ്ടു വിദ്യാര്‍ഥികളുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ബസ് സ്റ്റോപ്പില്‍ വെച്ച് താന്‍ മുമ്പ് പഠിച്ച സ്കൂളിലെ വിദ്യാര്‍ഥിനിയോട് സംസാരിച്ചതിനാണ് അഞ്ചു സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നജീബിനെ പരസ്യമായി മര്‍ദ്ദിച്ചത്. അവരില്‍ ഒരാള്‍ തലയ്ക്കിട്ടാണ് അടിച്ചത്. ജൂണ്‍ 18ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിച്ചതുമുതല്‍ ഈ സ്കൂളില്‍ റാഗിംഗ് ക്രൂരത അരങ്ങേറുന്നു.
ഷൂസ് ധരിച്ചതിന് നജീബ് നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. സ്കൂളില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂണിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിക്കണമെന്നും കോളര്‍ ബട്ടണ്‍ ഇടണമെന്നും വാച്ചുകളോ ഷൂസോ ഉപയോഗിക്കരുതെന്നുമാണ് ഇവരുടെ ചട്ടം. കൂടാതെ ജൂണിയര്‍ വിദ്യാര്‍ഥികളെ ശുചിമുറിയില്‍ കൊണ്ടുപോയി പുഷ്-അപ്പ് എടുപ്പിക്കും. എതിര്‍ത്താല്‍ ക്രൂരമായി മര്‍ദ്ദിക്കും. ഈ സ്കൂളിലേക്ക് ഇനി പോകുന്നില്ലെന്ന തീരുമാനമെടുത്ത നജീബ് മറ്റൊരു സ്കൂളിലേക്ക് മാറ്റത്തിനായി ശ്രമിക്കുകയാണ്.
കാസര്‍ഗോഡ് താലൂക്കിലെ മറ്റൊരു ഗവ. സ്കൂളില്‍ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയായ ഫഹദിനെ (യഥാര്‍ഥ പേരല്ല) സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയും തള്ളിയിടുകയും ക്ലാസ് മുറിയില്‍ ഒരു ബെഞ്ച് എറിയുകയും ചെയ്തതിനെ തുടര്‍ന്ന് കൈത്തണ്ട ഒടിഞ്ഞു. ഫഹദിന് ആറ് ആഴ്ച പൂര്‍ണ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അസ്ഥിക്ക് വീണ്ടും സ്ഥാനഭ്രംശം സംഭവിച്ചാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. തലയ്ക്കുനേരെയാണ് ബെഞ്ച് എറിഞ്ഞതെന്നും കൈകൊണ്ട് തടുത്തപ്പോള്‍ കൈയൊടിഞ്ഞതാണെന്നും ഫഹദിന്റെ അമ്മ പറയുന്നു. അക്രമമുണ്ടായ ദിവസം വീട്ടിലേക്ക് വന്നപ്പോള്‍ ഷര്‍ട്ടില്‍ മുഴുവന്‍ ഷൂസ് കൊണ്ട് ചവിട്ടിയ പാടുകളായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ രണ്ടു കേസുകളിലും പോലീസ് കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍, തെറ്റായ നിയന്ത്രണം, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍ തുങ്ങിയ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ തന്നെ റാഗിംഗ് നടത്തിയ കുട്ടികളുടെ സസ്പെന്‍ഷനില്‍ ശിക്ഷ ഒതുങ്ങുകയാണ് ചെയ്യുക. ഇത് അവരെ സംബന്ധിച്ചിടത്തോളം അവധിക്കാലം പോലെ മാത്രമാണെന്നാണ് വിമര്‍ശനമുയരുന്നത്.
എന്നാല്‍ ഇതുപോലുള്ള സംഭവങ്ങള്‍ക്കായി പ്രത്യേകം ഉദ്ദേശിച്ചിട്ടുള്ള നിയമമായ കേരള റാഗിംഗ് നിരോധന നിയമം ചുമത്തിയിട്ടില്ല. ഈ ആക്ടിലെ സെക്ഷന്‍ നാല് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കും. സെക്ഷന്‍ ആറ് സ്കൂളില്‍ നിന്നു പുറത്താക്കാനും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതില്‍ നിന്നു മൂന്നുവര്‍ഷം വിലക്കാനും നിര്‍ദേശിക്കുന്നു. എന്നാല്‍ നിയമം പ്രയോഗിക്കാന്‍ പോലീസ് പലപ്പോഴും മടിക്കുകയാണ് അതിനാല്‍ തന്നെ കുറ്റകൃത്യങ്ങളും ഏറുന്നു.
റാഗിംഗ് ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് സ് കൂളിൽ ബോധവത്കരണക്ലാസ് നടത്തിയിരുന്നതായി ഒരു പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ കുട്ടികള്‍ക്കും നിയമത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഏതു പോലീസ് സ്റ്റേഷനാണ് റാഗിംഗ് നടത്തിയാല്‍ തങ്ങള്‍ക്ക് ജാമ്യം നല്‍കാത്തതെന്ന് ഒരു കുട്ടി പോലും തന്നോട് ചോദിച്ചതയി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് തങ്ങളുടെ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാനാണ് ഭയപ്പെടുന്നതെന്ന് ആക്രമണത്തിരയായ കുട്ടികളുടെ അമ്മമാര്‍ പറയുന്നു.