ആറളത്തെ കാട്ടാന ശല്യം: ഫാം എംഡിയെയും ആറളം പഞ്ചായത്തിനെയും അനെർട്ടിനെയും കക്ഷി ചേർത്ത് ഹൈക്കോടതി
1571411
Sunday, June 29, 2025 7:37 AM IST
ഇരിട്ടി: ആറളം ഫാമിലെ കാട്ടാന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കർശന നടപടികളുമായി ഹൈക്കോടതി. ആറളം ഫാം എംഡിയെയും ആറളം പഞ്ചാത്തിനെയും അനെർട്ട് ഓഫീസറെയും കക്ഷി ചേർത്ത് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
സുൽത്താൻ ബത്തേരി സ്വദേശി ബൈജുപോൾ മാത്യൂസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി മൂവരെയും കക്ഷി ചേർത്തത്. കേസ് പ്രത്യേകമായി പരിഗണിക്കുന്നതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നിന് സ്പെഷ്യൽ സിറ്റിംഗ് നടത്താനും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി.എം. മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച ടാസ്ക് ഫോഴ്സ് പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ 131 നിർദേശങ്ങൾ അടങ്ങിയ സത്യവാങ്മൂലം കണ്ണൂർ ഡിഎഫ്ഒ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ച ശേഷമാണ് ആറളം എംഡിയേയും പഞ്ചായത്തിനെയും അനെർട്ടി ഓഫീസറെയും സ്വമേധയാ കേസിൽ കക്ഷിചേർക്കാൻ ഉത്തരവിട്ടത്.
ആറളം ഫാമിൽ 14 ആദിവാസികളെ കാട്ടാന കൊന്നതിന്റെ പശ്ചാത്തലത്തിലാണ് ബൈജു പോൾ മാത്യൂസ് പൊതുതാത്പര്യ ഹർജി നൽകിയത്. ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിനും വനം വകുപ്പിനും നിർദേശം നൽകണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.