വില്ലേജ് ഓഫീസർ അവധിയിൽ; കളക്ടർക്ക് പരാതിയുമായി യൂത്ത് കോൺഗ്രസ്
1570903
Saturday, June 28, 2025 1:50 AM IST
ചെമ്പേരി: തളിപ്പറമ്പ് താലൂക്ക് പരിധിയിലുള്ള ഏരുവേശിയിൽ വില്ലേജ് ഓഫീസർ രണ്ടാഴ്ചയിലേറെയായി അവധിയിലായതിനാൽ ജനങ്ങളുടെ അത്യാവശ്യകാര്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ലെന്നും ഈ അനിശ്ചിതാവസ്ഥയ്ക്ക് എത്രയും വേഗത്തിൽ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇവിടെ മറ്റൊരു ഓഫീസർക്ക് പകരം ചുമതല നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം ചില ദിവസങ്ങളിൽ മാത്രമേ ഓഫീസിൽ എത്താറുള്ളൂവെന്നും പറയുന്നു.
പുതിയ അധ്യയന വർഷവും മഴക്കാല കൃഷികളും ആരംഭിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പ, കാർഷിക വായ്പ തുടങ്ങിയവയടക്കമുള്ള വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിൽ നിന്നുള്ള രേഖകൾ നിർബന്ധമായും വേണമെന്നിരിക്കെ ഏരുവേശിയിൽ വില്ലേജ് ഓഫീസർ സ്ഥിരമായില്ലാത്തത് ഇവിടെയുള്ള ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് വിനു ജോർജ് കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.