മൂന്നുവർഷംകൊണ്ട് കിൻഫ്ര പാർക്കുകളിൽ 2283 കോടിയുടെ നിക്ഷേപം: മന്ത്രി പി. രാജീവ്
1458496
Wednesday, October 2, 2024 8:36 AM IST
കണ്ണൂർ: കിൻഫ്ര പാർക്കുകളിൽ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 2283 കോടി രൂപയുടെ നിക്ഷേപം വന്നതായി വ്യവസായ മന്ത്രി പി. രാജീവ്. മട്ടന്നൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പുതുതായി നിർമിച്ച സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (എസ്ഡിഎഫ്) കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എസ്ഡിഎഫിലെ 75 ശതമാനം സ്ഥലവും സംരംഭകർക്ക് അനുവദിച്ചതായി മന്ത്രി പറഞ്ഞു. ബാക്കി രണ്ടു മാസം കൊണ്ട് അനുവദിക്കും. ഇതിലൂടെ നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ആവശ്യമായ വിഭവശേഷി ഉണ്ടോ എന്ന് പരിശോധിച്ച് നൈപുണ്യ വികസന കോഴ്സുകൾ ആരംഭിക്കാൻ കഴിയും. ഫുഡ് പാർക്ക്, സ്വകാര്യ പങ്കാളിത്തത്തോടെ ഹോട്ടൽ സമുച്ചയം എന്നിവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു. മൂന്നു നിലകളിലായി 48,000 ചതുരശ്ര അടിയിൽ നിർമിച്ചിരിക്കുന്ന എസ്ഡിഎഫ് കെട്ടിടത്തിൽ വ്യവസായ സംരംഭകർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ 250 കെവി ട്രാൻസ്ഫോർമറുകൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ, ലിഫ്റ്റുകൾ, ജനററ്റേറുകൾ, ശുചിമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.