ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി: കെ.പി. സാജു വീണ്ടും പ്രസിഡന്റ്
1458489
Wednesday, October 2, 2024 8:36 AM IST
തലശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റായി കെ.പി. സാജു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.തിങ്കളാഴ്ച നടന്ന ബോർഡ് യോഗത്തിലാണ് സാജുവിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തത്. പ്രസിഡന്റ് പദത്തിലേക്ക് സാജുവിന്റെ നോമിനേഷൻ മാത്രമാണുണ്ടായിരുന്നത്. ഡയറക്ടർമാരായ അഡ്വ.ഷുഹൈബ്, കണ്ടോത്ത് ഗോപി എന്നിവർ പിന്താങ്ങി. വിമത പക്ഷത്തെ മൂന്ന് ഡയറക്ടർമാരും തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
രണ്ടുപേർ അസുഖം മൂലം പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. വിമത പ്രവർത്തനത്തെ തുടർന്ന് ഡിസിസി സെക്രട്ടറി പദത്തിൽനിന്നു പുറത്താക്കപ്പെട്ട സി.ടി. സജിത്ത് നോമിനേറ്റഡ് അംഗമായതിനാൽ വോട്ടിംഗ് പവർ ഇല്ലാത്ത ഡയറക്ടറാണ്. സഹകരണ വകുപ്പ് ഇൻസ്പെക്ടർ ശ്രീജിത്തായിരുന്നു റിട്ടേണിംഗ് ഓഫീസർ.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് വിമതപക്ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഒക്ടോബർ ഏഴിന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ തീരുമാന പ്രകാരം മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഔദ്യാഗികമായി ഉണ്ടാകുകയുള്ളൂ.
വിമതപ്രവർത്തനം നടത്തിയ ഡിസിസി സെക്രട്ടറി സി.ടി. സജിത്തുൾപ്പെടെയുള്ള നാലു ഡയറക്ടർമാരെ പാർട്ടി ഭാരവാഹിത്വങ്ങളിൽനിന്നും ഡിസിസി നീക്കിയിരുന്നു. സജിത്തിനു പുറമെ ധർമടം ബ്ലോക്ക് കോൺസ് സെക്രട്ടറി സി.കെ. ദിലീപ് കുമാർ, മഹിളാ കോൺഗ്രസ് നേതാവ് വസന്തകുമാരി, മീറ സുരേന്ദ്രൻ എന്നിവരേയും നീക്കിയിരുന്നു. ഇവരോട് ആശുപത്രി ഡയറക്ടർ പദവി ഒഴിയാനും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ പദവി ഒഴിഞ്ഞിട്ടില്ല.