കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
1458124
Tuesday, October 1, 2024 8:09 AM IST
തലശേരി: കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച ബസ് ജീവനക്കാരനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും.
ഒന്നാം പ്രതി ചേലോറ മുണ്ടയാട്ടെ പനക്കൽ വീട്ടിൽ പി. ഹരിഹരനെയാണ് (48) ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ അടയ്ക്കാനും വിധിച്ചു. തിരുവനന്തപുരം തോന്നക്കൽ വെറ്റുവിള പി.എസ്. ഭവനിൽ സുനിൽകുമാറിനെ (35) തുണിയിൽ കരിക്കുകെട്ടി ഇടിച്ചു കൊല്ലുകയും തടയാൻ ശ്രമിച്ച ജീവനക്കാരൻ അഴീക്കോട് കച്ചേരി പോത്താടി വീട്ടിൽ പി. വിനോദ് കുമാറിനെ (52) കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലാണ് പ്രതിയെ ശിക്ഷിച്ചത്.
2017 ജനുവരി 24 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് സുനിൽകുമാറുമായുണ്ടായ വാക്ക് തർക്കത്തിന്റെ വിരോധത്തിൽ പ്രതിയും മംഗളൂരു സ്വദേശിയായ ബി. അബ്ദുള്ളയും (47) ആസൂത്രിതമായി എത്തി കൊല നടത്തിയെന്നാണ് കേസ്. അബ്ദുള്ള കേസിന്റെ വിചാരണയ്ക്കിടെ മുങ്ങുകയായിരുന്നു. അബ്ദുള്ളയുടെ കേസ് പിന്നീട് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.അജിത്കുമാർ ഹാജരായി.