ചെന്പേരി മാതാവ് ആത്മീയ ഉൗർജം
1444073
Sunday, August 11, 2024 7:32 AM IST
ചെന്പേരിയുടെ തുടക്കം മുതലുള്ള ഓർമകൾ എന്റെ മനസിലുണ്ട്. എന്റെ ആത്മീയ വളർച്ചയ്ക്കുപിന്നിൽ ചെന്പേരി മാതാവും ദേവാലയവുമാണ്. മൂന്നാം ക്ലാസ് മുതലാണ് ചെന്പേരിയിൽ പഠിച്ചത്. പ്രായം നോക്കിയായിരുന്നു അന്ന് സ്കൂളിൽ ഇരുത്തുന്നത്. ഒന്നും രണ്ടും പഠിക്കാതെ നേരേ മൂന്നാം ക്ലാസിലേക്കാണ് ഞാൻ ചേർന്നത്.
അധ്യാപകരും വിദ്യാർഥികളും തമ്മിൽ മനോഹരമായ ഒരു ബന്ധമായിരുന്നു അന്നുണ്ടായിരുന്നത്. തൃശൂർ സ്വദേശിയായ കുട്ടിയമ്മ ടീച്ചറായിരുന്നു ക്ലാസ് ടീച്ചർ. അന്നവിടെ എട്ടുവരെയേ ഉണ്ടായിരുന്നുവുള്ളൂ.
ഒന്പതാം ക്ലാസിൽ പഠിക്കാൻ തളിപ്പറന്പ് മൂത്തേടത്ത് സ്കൂളിൽ ചേർന്നു. ചെന്പേരിയിൽനിന്ന് പുലിക്കുരുന്പ-നടുവിൽ വഴി നടന്നാണ് തളിപ്പറന്പിലേക്ക് പോയിരുന്നത്. അല്ലെങ്കിൽ ചെങ്ങളായിവരെ നടന്നുപോകും. പുഴയിൽ വെള്ളം ഇല്ലെങ്കിൽ നടന്ന് അക്കരയെത്തി ബസിന് പോകാം. അല്ലെങ്കിൽ, നിടുവാലൂർവരെ നടന്നുപോയിട്ട് അവിടെനിന്ന് ബസിന് പോകും. പിന്നീട്, ഒന്പത് മുതൽ 11 വരെ ക്ലാസുകൾ ചെന്പേരിയിൽ വന്നപ്പോൾ പത്തും പതിനൊന്നും ചെന്പേരിയിൽ പഠിച്ചു. പിന്നെ, സെമിനാരിയിലേക്ക് പോയി.
സ്കൂളിൽ പഠിക്കുന്പോൾതന്നെ കൂട്ടുചേർന്ന് ദിവസവും പള്ളിയിൽ പോകുമായിരുന്നു. ചെന്പേരി പള്ളിയിലെ അൾത്താരബാലനായിരുന്നു ഞാൻ. വ്യാഴാഴ്ചയായിരുന്നു ഞാൻ ശുശ്രൂഷ ചെയ്യേണ്ടിയിരുന്നത്. ജേക്കബ് വാരികാട്ടച്ചന് വികാരിയായിരുന്ന കാലത്താണ് സെമിനാരിയിൽ ചേരുന്നതിനുള്ള ഇന്റർവ്യൂവിന് വള്ളോപ്പിള്ളി പിതാവിനെ കാണാൻ തലശേരിയിൽ പോയത്. " മോനേ നീ സെമിനാരിയിലേക്ക് പോരേ' എന്ന് പിതാവ് പറഞ്ഞപ്പോൾ മിഷനിൽ ചേരണമെന്ന ആഗ്രഹം പിതാവിനോട് പറയുകയും പിതാവ് സമ്മതിക്കുകയുമായിരുന്നു.
അന്ന് ചെന്പേരിയിൽ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു കഴിഞ്ഞിരുന്നത്. ചിലർക്ക് വീടില്ലായിരുന്നു. പലരും വീടുകൾ ഷെയർ ചെയ്താണ് കഴിഞ്ഞിരുന്നത്.പേരേക്കാട്ടുപൊതിയിൽ കുടുംബത്തിന്റെ അടിത്തറ ഇടമറ്റം ആയിരുന്നു.
ഞങ്ങളുടെ വല്യപ്പൻ ജോസഫ് പേരേക്കാട്ടുപൊതിയിലിനും വല്യമ്മ അന്ന ചക്കാലക്കലിനും മൂന്നു കുട്ടികളായിരുന്നു. ഞങ്ങളുടെ ചാച്ചൻ മത്തായി പേരേക്കാട്ടുപൊതിയിലിന് അഞ്ചു വയസായിരുന്നപ്പോൾ വല്യപ്പൻ മരിച്ചുപോയി. വല്യമ്മയാണ് കുട്ടികളെ വളർത്തിയത്. മത്തായി പേരേക്കാട്ടുപൊതിയിൽ കോട്ടയം ജില്ലയിലെ പെരുവന്താനത്ത് കുന്പളന്താനത്ത് കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചത്.
ഞങ്ങൾ ചെന്പേരിയിലെ ആദ്യ കുടിയേറ്റക്കാരായിരുന്നു. മാതാപിതാക്കളും ഞങ്ങൾ എട്ട് മക്കളും 1947 ജനുവരി 8 ന് ചെന്പേരിക്കടുത്തുള്ള അന്പഴത്തുചാൽ വനത്തിൽ കുടിൽകെട്ടി താമസം തുടങ്ങി. 1982 ൽ എന്റെ പിതാവ് മത്തായിയും 1986ൽ അമ്മ മറിയവും മരിച്ചു. തലശേരി രൂപതയുടെ പ്രഥമാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ 1974 മേയ് നാലിനാണ് ഞാൻ പൗരോഹിത്യം സ്വീകരിച്ചത്. സഹോദരങ്ങളിൽ ദേവസ്യയും ഏലിക്കുട്ടിയും മാത്രമാണ് ജീവിച്ചിരിക്കുന്നത്. ജോസഫ്, തോമസ്, അന്നമ്മ, മത്തായി, മേരി എന്നിവർ മരിച്ചു.