ലഹരിക്കെതിരേ ഹ്രസ്വചിത്രം ഒരുങ്ങുന്നു
1431117
Sunday, June 23, 2024 7:29 AM IST
പയ്യാവൂർ: ലഹരിക്കെതിരേ പോരാടാനും അതിജീവിക്കാനുമുള്ള സന്ദേശം പ്രമേയമായി ഹ്രസ്വചിത്രം ഒരുങ്ങുന്നു. ഗ്രാമനഗര വ്യത്യാസങ്ങളില്ലാതെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി സ്വർഗതുല്യമായിരുന്ന ജീവിതത്തെ ഇരുളിലാഴ്ത്തുന്നതും അവിടെ പ്രതീക്ഷയുടെ പുതുനാമ്പ് മുളയെടുക്കുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. കാസർഗോഡ് ജില്ലയുടെ വിവിധ മേഖലകളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.
ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്വാൻ മീഡിയ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും ഫാ. ചാക്കോ കുടിപ്പറമ്പിലിന്റേതാണ്. തിരക്കഥ പദ്മനാഭൻ ബ്ലാത്തൂരും സംവിധാനം ഉദയൻ കുണ്ടംകുഴിയും നിർവഹിക്കുന്നു. ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ബാലകൃഷ്ണൻ പാലക്കിയും ചമയം ജനൻ കാഞ്ഞങ്ങാടുമാണ്.
ചിത്രത്തിന്റെ മുഖ്യവേഷത്തിൽ ഫാ. ചാക്കോ കുടിപ്പറമ്പിൽ, സനൽ പാടിക്കാനം, ഡോണാ മരിയ, ബാലാമണി അന്നൂർ തുടങ്ങിയവരാണ്. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ 26ന് ചിത്രം യൂട്യൂബിലൂടെ സമൂഹത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.