ക്വാറിയിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി
1425125
Sunday, May 26, 2024 8:27 AM IST
ചെറുപുഴ: ക്വാറിയിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി. സ്ഫോടക വിദഗ്ദർ, അഗ്നിരക്ഷാ സേന, പോലീസ് എന്നിവരടങ്ങിയ സംഘമാണ് സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയത്. ചൂരപ്പടവ് ക്വാറിയിൽ നിന്നാണ് സ്ഫോടകശേഖരം പിടിച്ചത്. പ്രാപ്പൊയിൽ എയ്യൻകല്ല് ക്വാറിയിൽ വച്ചാണ് പരിസരവാസികളെ അറിയിക്കാതെ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയത്.
സ്ഫോടനത്തിൽ പ്രദേശവാസികൾ നടുങ്ങി. പ്രകമ്പനത്തിൽ വീടുകൾ വിറകൊള്ളുകയും വീട്ടിൽ ഉണ്ടായിരുന്നവർ പരിഭ്രമിക്കുകയും ചെയ്തു.
സ്ഫോടനം നടത്തുന്ന വിവരം മുൻകൂട്ടിഅറിയിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ചൂരപ്പടവ് ക്വാറിയുടെ സ്ഥലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടകശേഖരം 2024 ഫെബ്രുവരി 18നാണ് നാട്ടുകാർ പിടികൂടുകയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ചെറുപുഴ പോലീസ് നടത്തിയ തിരച്ചലിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. 2800 ഡിറ്റനേറ്ററും 700 ജലാസ്റ്റിൻ സ്റ്റിക്കുമാണ് ചൂരപ്പടവ് ക്വാറിയിൽ നിന്ന് പിടിച്ചെടുത്തത്.