പാപ്പിനിശേരിയിൽ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1423814
Monday, May 20, 2024 10:11 PM IST
കണ്ണൂർ: പാപ്പിനിശേരി ക്രിസ്ത്യൻ പള്ളിക്ക് സമീപം കാറിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളിക്കീൽ അരിയിലിലെ പൊണ്ണന്റകത്ത് ഹൗസിൽ അഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത് (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് അപകടം. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.
കോഴിക്കോട് എബിസി ഷോറൂമിലെ ജീവനക്കാരനാണ് മരിച്ച സാബിത്. തിങ്കളാഴ്ചകളിൽ വീട്ടിൽ നിന്നും ബൈക്കിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ബൈക്ക് അവിടെ വച്ച് ട്രെയിനിൽ കോഴിക്കോടേക്ക് പോകുന്ന സാബിത് ശനിയാഴ്ചകളിലായിരുന്നു നാട്ടിലേക്ക് വരാറ്.
ഇന്നലെ രാവിലെ പതിവ് പോലെ ബൈക്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഉടൻ കണ്ണൂരിലെ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ:അഫ്സീന, ഷാനിത്.