കൃഷി നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു
1417049
Thursday, April 18, 2024 1:48 AM IST
ചെറുപുഴ: കഴിഞ്ഞദിവസം ചെറുപുഴ പഞ്ചായത്തിൽ പെയ്ത ശക്തമായ വേനൽ മഴയിലും കാറ്റിലും ജോസ്ഗിരി, മരുതംതട്ട് എന്നിവിടങ്ങളിൽ രണ്ട് വീടുകൾ ഭാഗികമായി തകരുകയും വ്യാപകമായ തോതിൽ കൃഷി നശിക്കുകയും ചെയ്തു. ആറ് കർഷകരുടെ 500 ലേറെ വാഴകളും 110 ഓളം റബർ, തെങ്ങ്, കമുക് എന്നിവയാണ് നശിച്ചത്.
ജോസ്ഗിരിയിലെ ഷാജു ദേവസ്യയുടെ കുലച്ച 108 വാഴകൾ, ശശികുമാറിന്റെ 75 വാഴകളും ജോസ്ഗിരി കോൺവന്റിലെ വാഴകളും നശിച്ചു. മരുതുംതട്ടിലെ മേരി തോമസിന്റെ വീടിന് മുകളിൽ തെങ്ങ്, കമുക്, വട്ട എന്നിവ ഒടിഞ്ഞു വീണ് നാശമുണ്ടായി. നെല്ലിനിൽക്കും തടത്തിൽ ജയ്സന്റെ വീടിന്റെ മേൽക്കൂര ശക്തമായകാറ്റിൽ പറന്നു പോയി.
തേക്കുംകാട്ടിൽ സിറിയക് ദേവസ്യയുടെ റബർ, നെല്ലിനിൽക്കുംതടത്തിൽ ജോസഫിന്റെ റബർ, കശുമാവ്, തെങ്ങ്, കമുക് എന്നിവ കാറ്റിൽ നിലംപൊത്തി. ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു, അഗ്രികൾച്ചർ അസിസ്റ്റന്റ് എം.കെ. സുരേഷ് കുറ്റൂർ എന്നിവർ കൃഷിനാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.