പാലയാട് അസാപ്പ് കാന്പസിൽ എൻടിടിഎഫ് "വിജയ വിപ്ലവം'
1415451
Wednesday, April 10, 2024 1:41 AM IST
പാലയാട്: സംസ്ഥാനത്തെ അസാപിന്റെ ഏറ്റവും വലിയ കമ്യൂണിറ്റി സ്കിൽ പാർക്കാണ് പാലയാട്ടേത്. അസാപ്പിന്റെ ജില്ലാ കേന്ദ്രം കൂടിയാണിത്. തൊഴിൽ നൈപുണി പരിശീലനവും നൈപുണി വികസന പദ്ധതികളുമൊക്കെയായി തിരക്കിലാണ് പാലയാട് സ്കിൽ പാർക്ക് ഇന്ന്. നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനാണ് (എൻടിടിഎഫ്) പാലയാട് സ്കിൽ പാർക്കിന്റെ നടത്തിപ്പ് ചുമതല.
എൻടിടിഎഫും അസാപ്പും നിരവധി ഹ്രസ്വ, ദീർഘകാല കോഴ്സുകൾ സ്കിൽ പാർക്കിൽ നടത്തുന്നുണ്ട്. എൻടിടിഎഫിന്റെ മെക്കാനിക്കൽ വിഭാഗത്തിന്റെ മുഴുവൻ പ്രവർത്തനവും സ്കിൽ പാർക്കിലാണ് നടക്കുന്നത്. കംപ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ (സിഎൻസി) ടർണിംഗ് ആൻഡ് മില്ലിംഗ് എന്ന സർട്ടിഫിക്കറ്റ് കോഴ്സിൽ എൻടിടിഎഫ് ആണ് പരിശീലനം നൽകുന്നത്.
ആദ്യ ബാച്ചിൽ പരിശീലനം നേടിയ 86 വിദ്യാർഥികളും ഇന്ത്യൻ നഗരങ്ങളിലെ വിവിധ മൾട്ടി നാഷണൽ കന്പനികളിൽ ജോലിയിൽ പ്രവേശിച്ചു. നാഷണൽ അർബൻ ലൈവ്ലി ഹുഡ് മിഷന്റെ പദ്ധതി പ്രകാരം കേരളത്തിലെ വിവിധ നഗരസഭകളിൽ നിന്നുള്ള 150 വിദ്യാർഥികളും ഇവിടെനിന്ന് സിഎൻസി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കി ജോലി നേടി.
ധർമടത്തിന് സംവരണം,
ഫീസ് ആനുകൂല്യം
ധർമടം നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്ക് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ എൻടിടിഎഫ് നടത്തുന്ന എല്ലാ കോഴ്സുകൾക്കും സീറ്റ് സംവരണവും ഫീസ് ആനുകൂല്യവും ഉണ്ടെന്ന് എൻടിടിഎഫ് പ്രിൻസിപ്പൽ ആർ. അയ്യപ്പൻ പറഞ്ഞു. സർക്കാരുമായുണ്ടാക്കിയ ഉടന്പടി പ്രകാരമാണ് ഇത്. എൻടിടിഎഫിന്റെ ത്രിവത്സര ഡിപ്ലോമ കോഴ്സുകൾക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ആൻഡ് ട്രെയിനിംഗിന് (എൻസിവിടി) അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസാപ്പിന്റെ നേതൃത്വത്തിലും പാലയാട് കമ്യൂണിറ്റ് സ്കിൽ പാർക്കിൽ വിവിധ കോഴ്സുകൾ നടത്തുന്നുണ്ട്. ബിരുദധാരികൾക്കു വേണ്ടി ഹ്രസ്വകാല കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്നു.
കമ്യൂണിറ്റി സ്കിൽ പാർക്ക് എന്ന പേരിനെ അന്വർഥമാക്കും വിധം പൊതുസമൂഹത്തിന് ഗുണകരമായ നിരവധി പരിപാടികൾ പാലയാട് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് അസാപ് സെന്റർ ഹെഡ് സി. സുബിൻ മോഹൻ പറഞ്ഞു. ഫോട്ടോഗ്രഫി, സ്റ്റോറി ടെല്ലിംഗ്, റോബോട്ടിക്, കയാക്കിംഗ്, യോഗ തുടങ്ങിയ ക്ലാസുകളും ഞായറാഴ്ചകളിലുണ്ട്. അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റിനോടൊപ്പം കേന്ദ്ര ഏജൻസിയായ നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ നൽകുന്ന വിവിധ സ്കിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു.