പഴശി പദ്ധതി പ്രദേശത്ത് മരംകൊള്ള
1337753
Saturday, September 23, 2023 2:30 AM IST
ഇരിട്ടി: പഴശി പദ്ധതി പ്രദേശത്ത് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി നട്ടുവളർത്തിയ മാഞ്ചിയം മരങ്ങൾ മുറിച്ചു കടത്തി. പടിയൂർ പഞ്ചായത്തിലെ നിടിയോടിയിൽ നട്ടുവളർത്തിയ 20 മരങ്ങളാണ് മുറിച്ചത്.
മരത്തടികളിൽ ചിലത് കൊണ്ടുപോകാൻ സാധിക്കാഞ്ഞതിനാൽ സമീപത്തെ വെള്ളത്തിലും സ്വകാര്യ വ്യക്തികളുടെ ആളൊഴിഞ്ഞ പറമ്പുകളിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം പുഴ പുറമ്പോക്കിൽ ആടുകളെ തീറ്റാൻ കൊണ്ടുപോയ പ്രദേശത്തെ കോളനിവാസി ചിലർ മരം മുറിക്കുന്നത് കണ്ടിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ഇയാളെ മരംമുറി സംഘം ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു.
സാമൂഹ്യ വനവത്ക്കരണ വിഭാഗം മരം സംരക്ഷിക്കാൻ കാവൽ ഏർപ്പെടുത്തിയ പ്രദേശത്തു നിന്നാണ് മരം മുറിച്ചു കടത്തിയത്. മരം മുറി ശ്രദ്ധയിൽ പെട്ട ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു വർഷം മുന്പ് പെരുമ്പറമ്പിലെ പഴശി പദ്ധതി പ്രദേശത്ത് നിന്ന് അക്കേഷ്യമരങ്ങൾ മുറിച്ചു കടത്തിയിരുന്നു. അക്കേഷ്യ മരങ്ങൾ മുറിച്ചു കടത്തിയപ്പോൾ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിക്കാഞ്ഞതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പ്രദേശത്തുള്ളവർ ആരോപിച്ചു.