കണ്ടകശേരി പാലം ചെരിഞ്ഞു തന്നെ
1336960
Wednesday, September 20, 2023 7:17 AM IST
കണ്ടകശേരി: കണ്ടകശേരിയിലെ പാലം ചെരിഞ്ഞിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പുണ്ടായ ഉരുൾപൊട്ടലിൽ പാറക്കൂട്ടങ്ങളും മരങ്ങളും ഒഴുകി വന്ന് തൂണിലിടിച്ചാണ് പാലം തകർന്നത്.
കുടിയേറ്റ ജനതയുടെ കഠിനാധ്വാനം കൊണ്ട് ഉയർത്തിയതാണ് കണ്ടകശേരി പാലം. ക്നാനായ കുടിയേറ്റ സുവർണ ജൂബിലി സ്മാരകമായി 25 വർഷം മുൻപായിരുന്നു പാലത്തിന്റെ നിർമാണം.
കോട്ടയം രൂപതയുടെ നേതൃത്വത്തിൽ നാട്ടുകാർ പിരിവെടുത്തായിരുന്നു പാലം പണിതത്. പടിയൂർ, പയ്യാവൂർ പഞ്ചായത്തും, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും പാലം നിർമാണവുമായി സഹകരിച്ചു. 2002ൽ കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടായിരുന്നു പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മണിക്കടവിൽ മഴക്കാലത്ത് കനത്ത ഉരുൾ പൊട്ടൽ ഉണ്ടായതിനെ തുടർന്ന് പാറക്കൂട്ടങ്ങളും, മരങ്ങളും ഒഴുകി വന്ന് പാലത്തിന്റെ കോൺക്രീറ്റ് തൂണിൽ ഇടിച്ചതോടെ സ്ലാബുകൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും ചെരിഞ്ഞു കിടക്കുന്ന പാലത്തിന്റെ തൂണുകൾ നേരെയാക്കാൻ നടപടിയായില്ല.പാലത്തിന്റെ ഒരു ഭാഗത്ത് മലയോര ഹൈവേയും, മറുഭാഗത്ത് കണിയാർവയൽ ഉളിക്കൽ റോഡുമാ ണ്.
മലയോര ഹൈവേയിൽ നിന്നു 300 മീറ്ററും, കണിയാർവയൽ ഉളിക്കൽ റോഡിൽ നിന്ന് 50 മീറ്ററുമാണ് പാലത്തിലേക്കുള്ളത്. ഇത് രണ്ടും പഞ്ചായത്ത് റോഡാണ്. ഇപ്പോഴും നൂറു കണക്കിന് വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നുണ്ട്.
പയ്യാവൂർ -പടിയൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം എന്ന നിലയിൽ പിഡബ്ല്യുഡി യുടെ ഭാഗത്തു നിന്ന് പുതിയ പാലത്തിനായി അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.