ആക്ഷൻ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി
1585323
Thursday, August 21, 2025 5:53 AM IST
കൽപ്പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം വയനാട് നേതൃത്വം കൊടുക്കുന്ന മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിൽ പ്രതിഷേധ കൂട്ടായ്മ ചേർന്നു.
വി.പി. എൽദോ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സൗകര്യപ്രദവും ജനഹിതത്തിന് അനുസരിച്ചുമാകണം മെഡിക്കൽ കോളജ് ആരംഭിക്കേണ്ടത്. ജില്ലയുടെ പ്രധാന ഭാഗത്ത് 50 ഏക്കർ ഭൂമി സർക്കാരിന് ദാനമായി കിട്ടിയിട്ടും അത് ഫലപ്രാപ്തമായി ഉപയോഗിക്കാതെ അടിസ്ഥാനരഹിതമായ പഠന റിപ്പോർട്ടുകൾ രേഖപ്പെടുത്തി ചില തൽപര കക്ഷികളെ സംരക്ഷിക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുന്നു.
ജനങ്ങൾക്ക് നീതീകരിക്കാൻ പറ്റാത്ത പുതിയ സ്ഥലം കണ്ടെത്തി പരിഹാരമുണ്ടാക്കുന്നത് ജനാധിപത്യ മര്യാദകേടും മനുഷ്യാവകാശ ലംഘനവുമാണ്. ആദ്യം ജില്ലയുടെ ഹൃദയ ഭാഗത്ത് തുടങ്ങിയ പദ്ധതി മറ്റാരുടെയോ പ്രേരണകൊണ്ട് അട്ടിമറിക്കുകയാണ്. ഇതിനെതിരേ ശക്തമായ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ഇ.ഒ. സജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചേന്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ചന്ദ്രഗിരി മോഹനൻ, എസ്.എ. നസീർ, ജോണി തയ്യിൽ, ബാബു കടമന, ജോസ് കപ്പ്യാർമല, വിനയകുമാർ അഴിപ്പുറത്ത്, ശശി അന്പലവയൽ എന്നിവർ പ്രസംഗിച്ചു.