തലപ്പുഴ ഗവ.എൻജിനിയറിംഗ് കോളജിന് പ്രത്യേക പരിഗണന: മന്ത്രി ആർ. ബിന്ദു
1585170
Wednesday, August 20, 2025 6:21 AM IST
തലപ്പുഴ: വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സാധ്യതകൾ ഉറപ്പാക്കി വളരുന്ന ഗവ.എൻജിനിയറിംഗ് കോളജിന് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു.
കോളജിലെ പ്ലേസ്മെന്റ് സെന്റർ കം ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. കോളജിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസിൽ ബിടെക് കോഴ്സ് ആരംഭിക്കുന്നതിന് അപേക്ഷ ധനവകുപ്പിന്റെ പരിഗണനയിലാണ്. അനുമതി ലഭ്യമാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സാധ്യമായ ഇടപെടൽ നടത്തും.
കിഫ്ബി പ്രകാരമുള്ള ഒരു പദ്ധതിയും നബാർഡ് സ്കീമിൽ ഉൾപ്പെടുത്തിയ മറ്റൊരു പദ്ധതിയും കോളജിൽ നടപ്പാക്കാൻ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.
സർക്കാർ സംവിധാനങ്ങളിലൂടെ പഠിച്ചുവരുന്നവർക്ക് നാടിനോട് പ്രതിബദ്ധതയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ്, ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, പഞ്ചായത്ത് അംഗങ്ങളായ കെ. ഷബിദ, പി.എസ്. മുരുകേശൻ,
പ്രിൻസിപ്പൽ ഡോ.എം. രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് വി.ആർ. വിനോദ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പി. സനില സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി ഡോ. സേവ്യർ എന്നിവർ പ്രസംഗിച്ചു.