റൂസ മോഡൽ കോളജ് കെട്ടിട നിർമാണം വൈകാതെ തുടങ്ങും
1585161
Wednesday, August 20, 2025 6:21 AM IST
കൽപ്പറ്റ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വയനാടിന്റെ കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതുന്ന റൂസ ഗവ.മോഡൽ ഡിഗ്രി കോളജിനുള്ള കെട്ടിട നിർമാണം തൃശിലേരിയിലെ അഞ്ച് ഏക്കർ വളപ്പിൽ വൈകാതെ തുടങ്ങും.
പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ ഭൂമിയാണ് കെട്ടിട നിർമാണത്തിന് ഉപയോഗപ്പെടുത്തുന്നത്. പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി വിശദ പദ്ധതി രേഖ തയറാക്കൽ, കോണ്ടൂർ സർവേ, മണ്ണ് പരിശോധന എന്നിവ നടത്തിവരികായാണ്. ഈ മാസം 30നകം ഡിപിആർ സമർപ്പിക്കാനാണ് നിർദേശമുണ്ട്.
സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ എച്ച്എൽഎൽ ലൈഫ് കെയറിനെയാണ് നിർമാണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. 12 കോടി രൂപയാണ് കെട്ടിട നിർമാണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും കണക്കാക്കുന്ന ചെലവ്. ഇതിന്റെ 60 ശതമാനം കേന്ദ്ര സർക്കാർ ലഭ്യമാക്കും.
ബാക്കി തുകയും ജീവനക്കാരുടെ ശന്പളം ഉൾപ്പെടെ മറ്റു ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കണം. നിലവിൽ കേന്ദ്ര വിഹിതത്തിന്റെയും സംസ്ഥാന വിഹിതത്തിന്റെയും 50 ശതമാനം റൂസ ഫണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.
കെട്ടിട നിർമാണം പൂർത്തിയാവുംവരെ കാത്തിരിക്കാതെ റൂസ കോളജിൽ ക്ലാസുകൾ ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതനുസരിച്ചാണ് മാനന്തവാടി ഗവ.കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്. 30 സീറ്റുകൾ വീതമുള്ള ബിഎ ഇംഗീഷ്, മലയാളം കോഴ്സുകൾക്ക് പുറമെ 25 സീറ്റുകൾ വീതമുള്ള ബിഎസ്സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്, ബിഎസ്സി ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് റിമോട്ട് സെൻസിംഗ് എന്നിവയും 40 സീറ്റുകളുള്ള ബികോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൗണ്ടിംഗ് കോഴ്സുമാണ് റൂസ കോളജിൽ അനുവദിച്ചത്.
എല്ലാ കോഴ്സുകൾക്കും കണ്ണൂർ സർവകലാശാലയുടെ അഫിലിയേഷൻ ലഭിച്ചു. സർവകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനകം 102 വിദ്യാർഥികൾ പ്രവേശനം നേടി.
ക്ലാസുകൾ താത്കാലികമായി ആരംഭിക്കുന്ന മാനന്തവാടി ഗവ.കോളജ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, ഫർണിച്ചർ, കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. കൽപ്പറ്റ ഗവ.കോളജിലെ ഹിസ്റ്ററി വിഭാഗം അധ്യാപകൻ പി. സുധീർകുമാറിനാണ് റൂസ കോളജ് സ്പെഷൽ ഓഫീസറുടെ ചുമതല.
ഏഴ് സ്ഥിരം അധ്യാപക തസ്തികകൾ റൂസ കോളജിൽ അനുവദിച്ചിട്ടുണ്ട്. അധ്യാപകർ അടുത്ത ദിവസങ്ങളിൽ ചുമതലയേൽക്കും. ജൂണിയർ സൂപ്രണ്ട്, സീനിയർ ക്ലർക്ക് നിയമനം നടത്തി. താത്കാലിക ക്ലീനിംഗ് ജീവനക്കാരായി രണ്ട് പേരെ കുടുംബശ്രീ മുഖേന നിയമിച്ചു. നൈറ്റ് വാച്ച്മാൻ, ഓഫീസ് അസിസ്റ്റന്റ് നിയമന നടപടികൾ പുരോഗതിയിലാണ്.
2019ലാണ് രാജ്യത്തെ 51 ആസ്പിരേഷനൽ ജില്ലകളിൽ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാനു(റൂസ)കീഴിൽ ആരംഭിക്കുന്ന മോഡൽ ഡിഗ്രി കോളജുകളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ നടത്തിയത്. വയനാട്ടിൽ റൂസ കോളജിനു മുന്പ് കണ്ടെത്തിയ ഭൂമി നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.