റെഡ് ക്രോസ് വോളണ്ടിയർ സംഗമം 23ന്
1585321
Thursday, August 21, 2025 5:50 AM IST
സുൽത്താൻ ബത്തേരി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ബത്തേരി നഗരസഭയുടെ സഹകരണത്തോടെ വോളണ്ടിയർമാരുടെ സംഗമവും ദുരന്തനിവാരണ പ്രഥമ ശുശ്രൂഷ പരിശീലനവും 23ന് സുൽത്താൻ ബത്തേരി നഗരസഭ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി പരിശീലനം ലഭിച്ച വോളണ്ടിയർമാരെ സജ്ജരാക്കുകയാണ് ലക്ഷ്യം.
പരിശീലനത്തിനായി 150 അംഗങ്ങളാണ് പങ്കെടുക്കുക. ബേസിക് ലൈഫ് സപ്പോർട്ട് പ്രോഗ്രാം മൂപ്പൻസ് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലും ദുരന്തനിവാരണ പരിശീലനം ബത്തേരി ഫയർ ആൻഡ് റസ്ക്യു ടീമിന്റെ നേതൃത്വത്തിലുമാണ് നടക്കുക. സംഗമത്തിൽ റെഡ്ക്രോസ് അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണവും പാട്രണ്‍ അംഗങ്ങൾ ആദരിക്കുകയും ചെയ്യും.രാവിലെ 9.30ന് നടക്കുന്ന സംഗമം നഗരസഭ ചെയർപേഴ്സണ്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്യും.
സുൽത്താൻ ബത്തേരി തഹസിൽദാർ ശിവദാസൻ അധ്യക്ഷത വഹിക്കും. സുൽത്താൻ ബത്തേരി ഡിവൈഎസ്പി കെ.കെ. മുഹമ്മദ് ഷെരീഫ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിന്ധു, റെഡ്ക്രോസ് ജില്ലാ ചെയർമാൻ ബേബി ടി. പോത്തൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി.സി. സുനിൽ, ജനറൽ കണ്‍വീനർ സി.ഇ. ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.