ഓണക്കാലത്ത് ലഹരി ഉപയോഗവും വില്പനയും തടയാൻ പരിശോധന ശക്തമാക്കും
1585129
Wednesday, August 20, 2025 5:24 AM IST
കൽപ്പറ്റ: ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പോലീസ്, വനം, പട്ടികജാതി-വർഗ വികസനം, വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള വകുപ്പുകളുടെ സഹകരണത്തോടെ ഓണക്കാലം വ്യാജലഹരി മുക്തവും സുരക്ഷിതവുമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളും പോലീസും ശക്തമായ നിരീക്ഷണം നടത്തും. അതിർത്തി പ്രദേശങ്ങളിലും ഉന്നതികളിലും വനസമീപ പ്രദേശങ്ങളിലും ചെക്പോസ്റ്റുകളിലും പരിശോധന ശക്തിപ്പെടുത്തും. ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾ അപ്പപ്പോൾ തന്നെ അധികൃതർക്ക് കൈമാറണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.
ജില്ലാ തലത്തിലും താലൂക്ക് തലങ്ങളിലും എക്സൈസ് കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. താലൂക്ക് തലത്തിലും ശേഷം ഗ്രാമപ്പഞ്ചായത്ത് തലത്തിലും ജനകീയ കമ്മിറ്റികൾ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.കഴിഞ്ഞ ആറ് മാസം എക്സൈസ് വകുപ്പ് ജില്ലയിൽ 3229 റെയ്ഡുകളും ഫോറസ്റ്റ്, റവന്യു, വനം വകുപ്പുകൾ സംയുക്തമായി 129 പരിശോധനകളും നടത്തി. ഓരോ മാസവും 11,500 വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. 340 അബ്കാരി കേസുകളും 289 മയക്കുമരുന്നുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളും പുകയിലയുമായി ബന്ധപ്പെട്ട 1722 കോട്പ കേസുകളുമെടുത്തു. കോട്പ കേസുകളിൽ പിഴയായി 3,43,600 രൂപ ഈടാക്കി.
അബ്കാരി കേസിൽ 301 പ്രതികളെയും എൻഡിപിഎസ് കേസുകളിൽ 293 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 1347 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 311 ലിറ്റർ ഇതര സംസ്ഥാന മദ്യം, 955 ലിറ്റർ വാഷ്, രണ്ട് ലിറ്റർ കള്ള്, 59 ലിറ്റർ ചാരായം, 42 ലിറ്റർ അരിഷ്ടം, ഒന്പത് ലിറ്റർ വ്യാജമദ്യം, 16.093 കിലോഗ്രാം കഞ്ചാവ്, 13 കഞ്ചാവ് ചെടികൾ, ഒരു കഞ്ചാവ് ബീഡി, ഹെറോയിൻ ഒരു ഗ്രാം, മൂന്ന് ഗ്രാം ചരസ്, 22.512 ഗ്രാം ഹാഷിഷ് ഓയിൽ, 17.462 ഗ്രാം എംഡിഎംഎ, 6371 ഗ്രാം പുകയില ഉത്പന്നങ്ങൾ, രേഖകളില്ലാതെ സൂക്ഷിച്ച 17,50,000 രൂപ, ആകെ 24 വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് മദ്യ, മയക്കുമരുന്നുകളുടെ വിപണനം തടയുന്നതിന് ജില്ലയിൽ എക്സൈസ് കണ്ട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾ കൈമാറുന്നവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കണ്ട്രോൾ റൂമുകൾ
ജില്ലാതല കണ്ട്രോൾ റൂം 04936228215, 248850, ടോൾ ഫ്രീ നന്പർ 18004252848, താലൂക്ക്തല കണ്ട്രോൾ റൂമുകൾ, സുൽത്താൻ ബത്തേരി: 0493-6227227, 248190, 246180, വൈത്തിരി: 0493-6202219, 208230, മാനന്തവാടി: 0493-5240012, 244923. എഡിഎം കെ. ദേവകി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി,
ജില്ലാ വിമുക്തി കോഓർഡിനേറ്റർ സജിത് ചന്ദ്രൻ, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.കെ. ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.