ബത്തേരി നഗരസഭയിലെ സ്കൂളുകൾ സൗരോർജത്തിലേക്ക്
1585171
Wednesday, August 20, 2025 6:25 AM IST
സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ സ്കൂളുകൾ സൗരോർജത്തിലേക്ക്. സർവജന, ബീനാച്ചി സ്കൂളുകളിലാണ് പുതിയ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചത്. 21,63,999 രൂപ ചെലവിൽ 15കിലോവാട്ട് ശേഷിയുള്ള രണ്ട് പ്ലാന്റുകളാണ് ഈ സ്കൂളുകളിൽ സ്ഥാപിച്ചത്.
ഇതിനു മുൻപ് കുപ്പാടി സ്കൂളിലും സോളാർ പാനലുകൾ സ്ഥാപിച്ചിരുന്നു. നിലവിൽ പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് സ്കൂളുകളിലെ വൈദ്യുതി ചാർജ് ഇനത്തിൽ നഗരസഭ ചെലവഴിക്കുന്നത്. ഘട്ടംഘട്ടമായി ഈ ചെലവ് കുറച്ചുകൊണ്ടുവന്ന് പുനരുപയോഗിക്കാവുന്ന ഊർജസ്രോതസുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.
സർവജന സ്കൂളിലെ സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ്, സ്ഥിരംസമിതി അധ്യക്ഷരായ ടോം ജോസ്, കെ. റഷീദ്, സാലി പൗലോസ്, ഷാമില ജുനൈസ്, കൗണ്‍സിലർമാരായ ജംഷീർ അലി, കെ.സി. യോഹന്നാൻ,
അസീസ് മാടാല, പിടിഎ പ്രസിഡന്റ് ടി.കെ. ശ്രീജൻ, പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ, എസ്എംസി ചെയർമാൻ സുഭാഷ് ബാബു, ഹെഡ്മിസ്ട്രസ് ബിജി വർഗീസ്, അന്പിളി നാരായണൻ, വി.എം. സുധി എന്നിവർ പ്രസംഗിച്ചു.