തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി അന്വേഷണം പ്രഹസനമെന്ന്
1585315
Thursday, August 21, 2025 5:50 AM IST
മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ എൻആർഇജിഎ പദ്ധതിയിൽ നടന്ന അഴിമതി ഉന്നത ഉദ്യോഗസ്ഥരുടെയും സിപിഎം നേതൃത്വത്തിന്റെയും ഒത്താശയോടെയാണെന്ന് ബിജെപി പനമരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പോലീസിന് പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ ക്രമക്കേട് തുക 15,26,556 രൂപ മാത്രമാണ്. എൻആർഇജിഎ വെബ് സൈറ്റ് പ്രാഥമിക പരിശോധനയിൽ കോടികളുടെ ക്രമക്കേട് കാണുന്നുണ്ട്. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രണ്ട് പേരുടെ പേരിൽ മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. അക്കൗണ്ടണ്ടിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ തയാറായിട്ടില്ല. ഒന്നാം പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
സസ്പെൻഡ് ചെയ്ത രണ്ട് ഉദ്യോഗസ്ഥർക്കെതിരേ ഒരു കുറ്റവും തെളിയിക്കാൻ സാധിച്ചിട്ടില്ല. ജെപിസിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണ സംഘത്തിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ എൻആർഇജിഎയിലെ താത്കാലിക ജീവനക്കാരാണ്. സിപിഎം നോമിനികളാണ് ഇതിൽ പലരും. പല പഞ്ചായത്തുകളിലും ഇത്തരത്തിൽ ക്രമക്കേട് നടന്നിട്ടുണ്ട്. ശരിയായ രീതീയിൽ അന്വേഷണം നടന്നാൽ സിപിഎം പഞ്ചായത്തുകളിലും ഇത് ബാധിക്കും. അന്വേഷണം പ്രഹസനമായി മാറുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷണം നടത്തണം.
ബ്ലോക്ക് പഞ്ചായത്താണ് നോഡൽ ഏജൻസി. വർഷങ്ങളായി നടക്കുന്ന ഈ അഴിമതി കണ്ടു പിടിക്കാൻ കഴിയാത്ത ബിപിഒയുടെ പങ്കും അന്വേഷിക്കണം. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടികളും സംശയാസ്പദമാണ്. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിച്ചില്ലെങ്കിൽ തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണെന്നും ഭാരവാഹികൾ പറഞ്ഞു.
മണ്ഡലം അധ്യക്ഷൻ ജിതിൻ ഭാനു, സെക്രട്ടറി ബിന്ദു മണപ്പാട്ടിൽ, ഉപാധ്യക്ഷൻ കെ.വി. ഗണേശൻ, ജനറൽ സെക്രട്ടറി ശശി കരിന്പിൽ, പഞ്ചായത്ത് അധ്യക്ഷൻ ജയരാജൻ പുതുശേരി എന്നിവർ സംബന്ധിച്ചു.