ആതുര സേവന രംഗത്തെ ചൂഷണം അവസാനിപ്പിക്കണം
1585322
Thursday, August 21, 2025 5:50 AM IST
സുൽത്താൻ ബത്തേരി: ജില്ലയിൽ ആതുര സേവന രംഗത്ത് വർധിച്ചുവരുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് ജില്ലാ ആരോഗ്യ മേഖല സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
യോഗ്യരായ ഡോക്ടർമാരെ ആശുപത്രികളിൽ നിയമിക്കാതെ സാധാരണക്കാരിൽ നിന്ന് അമിത ഫീസ് ഈടാക്കി അശാസ്ത്രീയമായ ചികിത്സ നടത്തുകയും രോഗം കലശലാകുന്പോൾ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത് രോഗിയെയും കൂടുംബത്തെയും കഷ്ടനഷ്ടങ്ങളിലേക്ക് തള്ളിവിടുന്നത് ജില്ലയിൽ പതിവ് കാഴ്ചയാണ്.
വിദഗ്ദ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് മറ്റ് ആശുപത്രിയിലേക്ക് ശിപാർശ ചെയ്യുന്നതും മറ്റൊരു ചൂഷണമാണ്. മരുന്നു കന്പനികളുമായി കരാർ അടിസ്ഥാനത്തിൽ ബന്ധം സ്ഥാപിച്ച് വിലകൂടിയ മരുന്നുകൾ വാങ്ങിക്കാൻ രോഗികളെ നിർബന്ധിച്ച് പണം സന്പാദിക്കുന്ന ഡോക്ടർമാരും ജില്ലയിലുണ്ടെന്ന് സമിതി കുറ്റപ്പെടുത്തി. ആരോഗ്യമേഖല സംരക്ഷിക്കുക, ചികിത്സ കുറ്റമറ്റതാക്കുക, ചികിത്സാ പിഴവ് സംഭവിച്ചാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ രോഗികളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുക.
തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കാൻ ജില്ല ആരോഗ്യമേഖലാ സമിതി നിയമപരമായും സംഘടനാപരമായും പ്രവർത്തനം നടത്തും. ജില്ലയിലെ ജനസേവകരായ ഡോക്ടർമാരെ കണ്ടെത്തി അവർക്ക് അവാർഡ് നൽകി ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ.എം. പൊന്നു, കണ്‍വീനർ കെ.കെ. രാജൻ, മറ്റ് ഭാരവാഹികളായ ടി.കെ. ദീനദയാൽ, സി.ടി. ചന്ദ്രൻ, അഭിലാഷ് പാലക്കൽ, പി.വി. രാജൻ, ടി.കെ. ഹരി, പി.കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.