സ്ത്രീ ശക്തീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത് സമൂഹത്തിലെ സമഗ്ര ഉന്നമനം: മന്ത്രി ആർ. ബിന്ദു
1585320
Thursday, August 21, 2025 5:50 AM IST
കൽപ്പറ്റ: സ്ത്രീ ശക്തീകരണത്തിലൂടെ സമൂഹത്തിലെ സമഗ്ര ഉന്നമനമാണ് ലക്ഷ്യമാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ.ആർ. ബിന്ദു. വൈത്തിരി ഗ്രാമപ്പഞ്ചായത്ത് തയാറാക്കിയ "ലിംഗനീതി യാഥാർഥ്യത്തിന്റെ നേരറിവുകൾ’ സ്ത്രീ പദവി പഠന പുസ്തക റിപ്പോർട്ട് പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിൽ അസമത്വങ്ങളും വിവേചനങ്ങളും നേരിടുന്ന സ്ത്രീകളെ ശക്തീകരിക്കുകയെന്ന് ആശയത്തോടെ സ്ത്രീകളെമുന്നോട്ട് നയിക്കുന്ന വിവിധ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
50 ലക്ഷത്തിലധികം സ്ത്രീകളെ അണിനിരത്തി ലോകത്തിന് മാതൃകയായ സ്ത്രീ ശക്തീകരണ പ്രസ്ഥാനമായി മുന്നേറുന്ന കുടുംബശ്രീ പ്രസ്ഥാനങ്ങൾ സ്ത്രീകളുടെ സാന്നിധ്യവും സാധ്യതയും വളർത്തിയെടുക്കുകയാണ്. വൈത്തിരി ഗ്രാമപ്പഞ്ചായത്ത് നടത്തിയ പഠന റിപ്പോർട്ട് കാലത്തിനനുസൃതമായ മാറ്റമാണെന്നും സ്ത്രീകൾ വരുമാനദായക സംരംഭങ്ങളിലേക്ക് കടന്നു വരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയിൽ വൈത്തിരി ഗ്രാമപ്പഞ്ചായത്തിനെ ജെൻഡർ സൗഹൃദ പഞ്ചായത്തായി മന്ത്രി പ്രഖ്യാപിച്ചു.
അങ്കണവാടി പ്രവർത്തകരുടെ വേതനം മെച്ചപ്പെടുത്താനുള്ള ഇടപെടലുകൾക്കായി അവരോടൊപ്പം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സ്ത്രീകൾ പിന്നാക്കം നിൽക്കുന്ന വിവിധ സൂചകങ്ങളെ ശാസ്ത്രീയമായി കണ്ടെത്തി സ്ത്രീപക്ഷ വികസന കാഴ്ചപ്പാടുകളെ വിലയിരുത്തി വികസന സൂചകങ്ങളിലെ വിടവുകൾ നികത്തി കാലാനുസൃത മാറ്റങ്ങളിലൂടെ വികസന പദ്ധതികൾ ലിംഗാധിഷ്ഠിതമായി ആസൂത്രണം ചെയ്യുകയാണ് സ്ത്രീ പദവി പഠനത്തിലൂടെ പഞ്ചായത്ത് ലക്ഷ്യമാക്കിയത്.
വൈത്തിരി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവേയിൽ 18നും 60നും ഇടയിൽ പ്രായമുള്ള വനിതകളെയാണ് ഉൾപ്പെടുത്തിയത്. ഓരോ വാർഡുകളിലെയും 35 ഓളം കുടുംബങ്ങളിലെ സ്ത്രീകളെയാണ് പഠന വിധേയമാക്കിയത്. തൊഴിൽ, വരുമാനം, അധികാര വിനിയോഗം, ആരോഗ്യം, അതിക്രമങ്ങൾ, പീഡനങ്ങൾ, വിനോദം എന്നീ മേഖലകൾ സംബന്ധിച്ച് ഓരോ കുടുംബത്തിലെയും ഒരു സ്ത്രീയിൽ നിന്ന് വിവരം ശേഖരിച്ചു. ഇതിനായി കോർ ടീം, അക്കാദമിക് ടീം, സ്റ്റഡി ടീം, ഡാറ്റാ കളക്ഷൻ ടീം എന്നിങ്ങനെ ടീമുകളായി തിരിച്ചാണ് പഠനം പൂർത്തീകരിച്ചത്.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ഉഷാകുമാരി, എൽസി ജോർജ്, വൈത്തിരി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഒ. ജിനിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ. ദേവസിസ തുടങ്ങിയവർ പങ്കെടുത്തു.