ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണമൊരുക്കുന്നു
1585296
Thursday, August 21, 2025 5:17 AM IST
വയനാട്ടിൽ സ്വീകരണം 23ന്
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് 23ന് വയനാട്ടിൽ മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.
ഇതിന് ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ജനറൽ കണ്‍വീനർ ഫാ.ഷിജിൻ കടന്പക്കാട്ടിൽ, ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബേബി വാളംകോട്ട്, മീഡിയാ കമ്മിറ്റി ചെയർമാൻ ഫാ.സോജൻ വാണാക്കുടി, മീഡിയാ കമ്മിറ്റി കണ്‍വീനർ കെ.എം. ഷിനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് മീനങ്ങാടി കത്തീഡ്രലിൽ ശമുവേൽ മാർ പീലക്സീനോസ് തിരുമേനിയുടെ കബറിടത്തിൽ ശ്രേഷ്ഠ ബാവ ധൂപപ്രാർഥന നടത്തും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകന്പടിയോടെ മൂലങ്കാവ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ആനയിക്കും. 3.30ന് ദേവാലയ കവാടത്തിൽ ശ്രേഷ്ഠ കാതോലിക്കയ്ക്ക് സ്വീകരണം നൽകും. തുടർന്ന് പള്ളിയിൽ ധൂപപ്രാർഥന.
വൈകുന്നേരം നാലിന് അനുമോദന സമ്മേളനം ചേരും. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിക്കും. പ്രശസ്ത നടനും സംവിധായകനുമായ ബേസിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡോക്യുമെന്ററി മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തയും സണ്‍ഡേ സ്കൂൾ സപ്ലിമെന്റ് പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയും പ്രകാശനം ചെയ്യും.
ഇടവക മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൂട് ചാരിറ്റബിൾ സൊസൈറ്റിയുടെ ‘തലചായ്ക്കാനൊരിടം’ ഭവന പദ്ധതി ഉദ്ഘാടനം മലങ്കര കത്തോലിക്കാസഭ ബത്തേരി രൂപത അധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് നിർവഹിക്കും. ’കരുതൽ’ വസ്ത്രവിതരണ പദ്ധതി ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
‘മംഗല്യക്കൂട്’ വിവാഹസഹായ വിതരണം ടി.സിദ്ദിഖ് എംഎൽഎ നിർവഹിക്കും. സഭാ കലണ്ടർ പ്രകാശനം നീലഗിരി എംഎൽഎ പൊൻജയശീലൻ നിർവഹിക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ അനുഗ്രഹപ്രഭാഷണം നടത്തും.