താത്കാലിക തടയണയൊരുക്കി
1517367
Monday, February 24, 2025 5:26 AM IST
പുൽപ്പള്ളി: വേനലിൽ ജലക്ഷാമം രൂക്ഷമായിട്ടും ജലസംരക്ഷണ പ്രവർത്തികൾ ആരംഭിക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി ശിശുമല ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിത്താഴെ താത്കാലിക തടയണയൊരുക്കി.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ മുദ്ദള്ളി തോടിൽ മാത്രം ഏഴ് തടയണകളുണ്ടെങ്കിലും ഒന്നിൽപ്പോലും വെള്ളം തടഞ്ഞുനിർത്തുന്നതിനുള്ള ഷട്ടറുകളില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണകളെല്ലാം സംരക്ഷിക്കാതെ നശിച്ചുകിടക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ബിജെപി തടയണകൾ നിർമിച്ചത്.ബിജെപി പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് മനു പ്രസാദ് ഉദ്ഘാടനം ചെയ്തു. ശിശുമല ബൂത്ത് പ്രസിഡന്റ് സണ്ണി ചോലിക്കര അധ്യക്ഷത വഹിച്ചു.
രാജൻ പാറയ്ക്കൽ, ഇ.കെ. സനിൽകുമാർ, അഗസ്റ്റിൻ കവളകാട്ട്, ഗോപി തൊലങ്കര, ജോളി ചോലിക്കര, പി.കെ. മോഹനൻ, അപ്പച്ചൻ കവളക്കാട്ട്, മത്തായി ചാഴിപ്പാറ, ബാബു കണ്ണങ്കര, വിഷ്ണു എരാണിക്കൽ, ജോബിഷ് മാവുടി, പി.എൻ. സന്തോഷ്, ഷാജി കുഴിമുള്ളോരത്ത്, ആശ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.