ജില്ലാ വികസന സമിതിയിൽ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ അടിയന്തര നടപടിക്ക് നിർദേശം
1517364
Monday, February 24, 2025 5:26 AM IST
കൽപ്പറ്റ: ജില്ലാ വികസന സമിതിയിൽ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടുകൾ സമയബന്ധിതമായി നൽകണമെന്നും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.
റവന്യു ഉൾപ്പെടെ പല വകുപ്പുകളും ആവശ്യമായ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിലും സമിതി ഉന്നയിക്കുന്ന കാര്യങ്ങളിൽ ഫലപ്രാപ്തിയിലെത്തുന്ന തരത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നില്ലെന്ന് അവർ വിമർശിച്ചു.
കൽപ്പറ്റ നഗരസഭയുടെ എസ്സിപി ഫണ്ട് ഉപയോഗിച്ച് ഗൂഡലായിയിൽ നിർമിച്ച കെട്ടിടം പോസ്റ്റ് മെട്രിക് ഹോസ്റ്റലായി ഉയർത്തുന്നതിനു നടപടികൾ വേഗത്തിലാക്കുക, മാവിലാംതോടിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കെട്ടിടത്തിന് നന്പർ ലഭ്യമാക്കുക, ഭിന്നശേഷിക്കാർക്ക് റാന്പ്, എസി, മഴവെള്ള സംഭരണി എന്നിവയുടെ പ്രവൃത്തി വേഗം പൂർത്തിയാക്കുക,
സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ വീട് നിർമിക്കുകയും കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ വീട്ടുനന്പർ ലഭിക്കാതിരിക്കുകയും ചെയ്ത പട്ടികവർഗക്കാരുടെ പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും രണ്ട് ദിവസത്തിനകം ലിസ്റ്റ് നൽകുക, എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയ പ്രവൃത്തികൾ ടെൻഡർ വിളിച്ചിട്ടും കരാർ ഏറ്റെടുക്കാത്തതിനാൽ നടപ്പാക്കാൻ കഴിയുന്നില്ലെന്ന പരാതി പരിഹരിക്കുക എന്നീ നിർദേശങ്ങളും കളക്ടർ നൽകി.
പുത്തുമല ദുരന്ത ബാധിതരെ പുനരധിവസിപ്പിച്ച വീടുകളുടെ ചോർച്ച പരിഹരിക്കുന്നതിനും ബഡ്സ് സ്കൂൾ നിർമിക്കുന്നതിനു ഭൂമി ലഭ്യമാക്കുന്നതിനും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ യോഗം ചുമതലപ്പെടുത്തി. നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അധ്യാപകർ കുട്ടികളുടെ സമഗ്ര വികസനത്തിന് ഉതകുന്നവിധം പ്രവർത്തിക്കുന്നില്ലെന്ന പരാതി പരിശോധിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറെയും ഐടിഡിപി ഓഫീസറേയും ചുമതലപ്പെടുത്തി.
അസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ 2024 സെപ്റ്റംബറിലെ റാങ്കിംഗിൽ ദക്ഷിണേന്ത്യയിൽ രണ്ടാം സ്ഥാനം നേടിയ പനമരം ബ്ലോക്ക് പഞ്ചായത്തിനെ അനുമോദിച്ചു. പ്രിയങ്ക ഗാന്ധി എംപിയുടെ പ്രതിനിധി കെ.എൽ. പൗലോസ്, എഡിഎം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ തുടങ്ങിയവർ പങ്കെടുത്തു.