വിദ്യാർഥികളിലെ ലഹരി ഉപയോഗം മുഖ്യ വിപത്ത്: ടി. സിദ്ദിഖ് എംഎൽഎ
1338113
Monday, September 25, 2023 1:03 AM IST
കൽപ്പറ്റ: വിദ്യാർഥികൾക്കിടയിൽ വർധിക്കുന്ന ലഹരി ഉപയോഗം കേരളം നേരിടുന്ന മുഖ്യ വിപത്താണെന്ന് ടി. സിദ്ദിഖ് എംഎൽഎ. ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ നിലയത്തിൽ(ഉമ്മൻ ചാണ്ടി നഗർ) കെഎസ്യു ജില്ലാ ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും ലഹരി മാഫിയ പിടിമുറുക്കുകയാണ്. ഈ യാഥാർഥ്യം കണ്ണുതുറന്നുകാണാനും വിദ്യാർഥികളെ ലഹരിയുടെ നീരാളിപ്പിടിത്തത്തിൽനിന്നു മോചിപ്പിക്കാനും സർക്കാർ ഉണർന്നുപ്രവർത്തിക്കാത്തതു ദൗർഭാഗ്യകരമാണ്.
വിദ്യാഭ്യാസവും തൊഴിലും തേടി ചെറുപ്പക്കാർ വിദേശങ്ങളിലേക്കു പോകുന്നതും അവിടങ്ങളിൽ സ്ഥിരതാമസമാക്കുന്നതും സംസ്ഥാനം ഗൗരവത്തോടെ കാണേണ്ട മറ്റൊരു വിഷയമാണെന്നു സിദ്ദിഖ് പറഞ്ഞു. കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം പി.പി. ആലി, ബി. സുരേഷ്ബാബു, പോൾസണ്‍ കൂവക്കൽ, ഗോകുൽദാസ് കോട്ടയിൽ, ലയണൽ മാത്യു, അതുല്യ ജയാനന്ദൻ എന്നിവർ പ്രസംഗിച്ചു.