ജില്ലയിൽ ചൊവ്വാഴ്ച സ്വകാര്യ ബസുകൾ ഓടില്ല
1573407
Sunday, July 6, 2025 6:07 AM IST
സുൽത്താൻ ബത്തേരി: അശാസ്ത്രീയ ഗതാഗതനയം തിരുത്തണമെന്നതടക്കം ആവശ്യങ്ങളോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിവയ്ക്കും.
കാലങ്ങളായി ദീർഘദൂര സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് യഥാസമയം പുതുക്കുക, കണ്സഷൻ അർഹതയുള്ള വിദ്യാർഥികൾക്കു മാത്രമായി പരിമിതപ്പെടുത്തുക, വിദ്യാർഥികളുടെ യാത്രാനിരക്ക് കാലോചിതമാക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പിൻവലിക്കുക,
ഇ ചലാൻ വഴി പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പണിമുടക്കെന്ന് സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ പി.കെ. ഹരിദാസ്, കണ്‍വീനർ കെ.വി. പൗലോസ്, ജോർജ് പുൽപ്പാറ, ടി.എൻ. സുരേന്ദ്രൻ, സദാശിവൻ, എൽദോ, ജോസ് തണ്ണിക്കോടൻ, ടി.എൻ. ശിവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർക്കാരിന്റെ അശാസ്ത്രീയ ഗതാഗതനയം മൂലം സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നശിക്കുകയാണ്. 15 വർഷം മുന്‍പുവരെ 34,000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത്് ഉണ്ടായിരുന്നത്. നിലവിൽ ഇത് 8,000ൽ താഴെയാണ്. സ്വകാര്യ ബസ് വ്യവസായത്തെസംരക്ഷിക്കുന്നതിന് നൽകിയ നിവേദനങ്ങളെ സർക്കാർ അവഗണിക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലം സർവീസ് നിർത്തിവയ്ക്കുമെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.