വാഹനാപകടത്തിൽ മരിച്ച ആശ വർക്കർക്ക് നാടിന്റെ യാത്രാമൊഴി
1572514
Thursday, July 3, 2025 5:29 AM IST
മാനന്തവാടി: മേയ് ആറിന് ചുള്ളിയോടിനു സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച ആശ വർക്കർ പാണ്ടിക്കടവ് മുത്താറിമൂല ആലഞ്ചേരി കെ.വി. ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള നൂറകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ ഉച്ചയോടെ ഷീജയുടെ സംസ്കാരം. ചൊവ്വാഴ്ച കോഴിക്കോട് ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ഷീജയുടെ മരണം.
ചികിത്സയ്ക്ക് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തിവരുന്നതിനിടെയായിരുന്നു വിയോഗം. ഭർത്താവ് രാമകൃഷ്ണനൊപ്പം സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം. എടവക പഞ്ചായത്ത് ഓഫീസ് ഹാളിൽ പൊതുദർശനത്തിനുവച്ചശേഷമാണ് മൃതദേഹം സംസ്കാരത്തിനായി വീട്ടിലേക്ക് എടുത്തത്.