വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വനിതാ മുന്നേറ്റം മാതൃക: മന്ത്രി ഒ.ആർ. കേളു
1573412
Sunday, July 6, 2025 6:07 AM IST
മാനന്തവാടി: സംസ്ഥാനത്ത് സ്ത്രീസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ വനിതാ മുന്നേറ്റം മാതൃകയാണെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
സംസ്ഥാന വനിതാ കമ്മീഷൻ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ഗ്രീൻസ് റസിഡൻസിയിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് തുല്യ അവകാശവും അവസരവും ഒരുക്കുന്നതിൽ കേരളം ഒന്നാമതാണ്. പെണ്‍കുട്ടികളെ അടുക്കളയിൽനിന്നു വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും എത്തിച്ചതിനു പിന്നിൽ പ്രക്ഷോഭങ്ങളുടെ വലിയ ചരിത്രം തന്നെയുണ്ട്. സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താൻ നവോഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളും കാരണമായിട്ടുണ്ട്. പുരുഷന് തുല്യമായി സമൂഹത്തിൽ വനിതകൾക്ക് അവസരങ്ങൾ സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു.
വനിതാ കമ്മീഷൻ അംഗം അഡ്വ.പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റുമാരായ അഹമ്മദുകുട്ടി ബ്രാൻ, എൽസി ജോയ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, വനിതാ കമ്മീഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ എസ്. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
സ്ത്രീപക്ഷ കാഴ്ചപ്പാട്, സൈബർ ലഹരി വീട്ടിടങ്ങളിൽ എന്നീ വിഷയങ്ങൾ യഥാക്രമം അനിൽകുമാർ ആലാത്തുപറന്പും രാധാകൃഷ്ണൻ കാവുംന്പായിയും അവതരിപ്പിച്ചു.