പൊളിച്ചുമാറ്റിയ തട്ടുകട നഗരസഭ പുനഃസ്ഥാപിച്ചു
1573157
Saturday, July 5, 2025 6:01 AM IST
കൽപ്പറ്റ: എസ്കെഎംജെ സ്കൂളിനു മുന്പിൽനിന്നു കഴിഞ്ഞദിവസം പൊളിച്ചുനീക്കിയ തട്ടുകട നഗരസഭ പുനഃസ്ഥാപിച്ചു. പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിത കുടുംബം ഉപജീവനത്തിന് നടത്തിവന്ന തട്ടുകട പൊളിച്ചുമാറ്റിയത് വിവാദമായ സാഹചര്യത്തിലാണ് പുനഃസ്ഥാപിച്ചത്. മാനുഷിക പരിഗണന നൽകിയാണ് തട്ടുകട പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതെന്നു നഗരസഭാധികൃതർ പറഞ്ഞു.
ജനുവരി രണ്ട് മുതൽ പ്രവർത്തിക്കുന്ന തട്ടുകട എസ്കെഎംജെ സ്കൂൾ പ്രിൻസിപ്പലിന്റെ പരാതിയെത്തുടർന്നു ബുധനാഴ്ച രാവിലെയാണ് നഗരസഭ പൊളിച്ചുമാറ്റിയത്. സ്കൂൾ വളപ്പിലും പരിസരത്തും തെരുവുനായ ശല്യം വർധിക്കുന്നതിന് തട്ടുകട കാരണമാണെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു പ്രിൻസിപ്പിലിന്റെ പരാതി.
തട്ടുകട ആരംഭിച്ചതിനുശേഷമാണ് തെരുവുനായ ശല്യം വർധിച്ചതെന്നും വിദ്യാർഥികളും അധ്യാപകരും ഭീതിയിലാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചൂരൽമല സ്വദേശി കെ. ഷാഹിദിന്റേതാണ് തട്ടുകട.
ബുധനാഴ്ച പുലർച്ചെ രണ്ടു വരെ പ്രവർത്തിച്ച കട മുന്നറിയിപ്പില്ലാതെയാണ് പൊളിച്ചുമാറ്റിയതെന്നു അദ്ദേഹം ആരോപിച്ചിരുന്നു. ഉരുൾപൊട്ടലിൽ ഉപജീവനമാർഗങ്ങൾ അടഞ്ഞ സാഹചര്യത്തിലാണ് ഷാഹിദ് നഗരത്തിൽ തട്ടുകട തുടങ്ങിയത്.