സിപിഎം സമരങ്ങൾ പരിഹാസ്യം: എൻ.ഡി. അപ്പച്ചൻ
1572783
Friday, July 4, 2025 5:52 AM IST
കൽപ്പറ്റ: യുഡിഎഫ് ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾക്കെതിരേ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങളും സമരങ്ങളും പരിഹാസ്യമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
ബ്രഹ്മഗിരി സൊസൈറ്റിയുടെ പേരിൽ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ കോടിക്കണക്കിനു രൂപ ദുർവ്യയം ചെയ്ത കൂട്ടരാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾക്കെതിരേ ഇല്ലാത്ത അഴിമതി ആരോപിച്ച് സമരവുമായി വരുന്നത്.
സാമാന്യ മര്യാദയുണ്ടെങ്കിൽ ബ്രഹ്മഗിരി സൊസൈറ്റിക്കുവേണ്ടി വാങ്ങിയ പണം തിരിച്ചുകൊടുക്കുന്നതിനാണ് സിപിഎം ഇടപെടേണ്ടത്. സിപിഎം നിയന്ത്രണത്തിലുള്ളതാണ് ബ്രഹ്മഗിരി സൊസൈറ്റി. സംസ്ഥാനത്തെ മുഴുവൻ സഹകരണ സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ബിജെപി നീക്കം വിലപ്പോകില്ലെന്നും അപ്പച്ചൻ പറഞ്ഞു.