ഇടിഞ്ഞുതാഴ്ന്ന പൊതുകിണർ മൂടിയില്ല; ഗോത്ര കുടുംബങ്ങൾ ഭീതിയിൽ
1572782
Friday, July 4, 2025 5:52 AM IST
സുൽത്താൻ ബത്തേരി: മഴക്കാലത്ത് ഇടിഞ്ഞുതാഴ്ന്ന പൊതുകിണർ ഒരു വർഷം കഴിഞ്ഞിട്ടും മൂടിയില്ല. നെൻമേനി പഞ്ചായത്തിലെ കോളിയാടി കൊല്ലിവയൽ ഉന്നതിയിൽ ഇടിഞ്ഞുതാഴ്ന്ന കിണറാണ് ഇനിയും മൂടാത്തത്. കിണറിനുചുറ്റും ഗ്രീൻനെറ്റ് കെട്ടിയാണ് ഉന്നതിയിലെ കുടുംബങ്ങൾക്ക് അധികൃതർ താത്കാലിക സുരക്ഷ ഒരുക്കിയത്.
വലിയ ശബ്ദത്തോടെയാണ് കിണർ ഇടിഞ്ഞുതാഴ്ന്നതെന്നു ഉന്നതിയിലുള്ളവർ പറഞ്ഞു. ഭയപ്പാടിലായ കുടുംബങ്ങൾ കുറച്ചുകാലം ബന്ധുവീടുകളിലാണ് കഴിഞ്ഞത്.
ഉന്നതി സന്ദർശിച്ച അധികൃതർ കിണർ മണ്ണിട്ട് മൂടാമെന്ന് അറിയിച്ചത് വെറുതെയായി. കിണർ കെട്ടിമറയ്ക്കുന്നതിന് ഗ്രീൻനെറ്റ് ലഭ്യമാക്കുകമാത്രമാണ് അവർ ചയ്തത്. കിണറിനടുത്ത് കുട്ടികൾ കളിക്കുന്നത് ആശങ്കയോടെയാണ് മുതിർന്നവർ കണ്ടുനിൽക്കുന്നത്.
വീണ്ടും മഴക്കാലമെത്തിയതോടെ കിണറിന്റെ വശങ്ങൾ ഇടിയുന്നുണ്ട്. ഉന്നതിയിലെ 30 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് ജലനിധിയും നൂൽപ്പുഴ ശുദ്ധജലവിതരണ പദ്ധതിയുമാണ് നിലവിൽ ആശ്രയം. ഇടിഞ്ഞുതാഴ്ന്നത് മൂടി പകരം കിണർ നിർമിക്കണമെന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ ആവശ്യം.