സിക്കിൾസെൽ അനീമിയ ബാധിതർ വീടില്ലാതെ ദുരിതത്തിൽ
1572513
Thursday, July 3, 2025 5:29 AM IST
പുൽപ്പള്ളി: ജില്ലയിലെ സിക്കിൾസെൽ അനീമിയ ബാധിതരെ സർക്കാർ സ്ഥലം നൽകി വഞ്ചിച്ചെന്ന് ആരോപണം. ജില്ലയിലെ സിക്കിൾസെൽ അനീമിയ രോഗബാധിതരുടെ നിരന്തരമായ അപേക്ഷകൾ പരിഗണിച്ചാണ് 10 വർഷങ്ങൾക്ക് മുന്പ് അന്നത്തെ യുഡിഎഫ് സർക്കാർ ഇവരെ പുനരധിവസിപ്പിക്കുന്നതിനായി ജില്ലയിൽ വിവിധ ഇടങ്ങളിൽ സ്ഥലം വാങ്ങുവാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ കാപ്പികുന്നിൽ ആറ് ഏക്കർ സ്ഥലം സർക്കാർ വാങ്ങി. പാതിരി വനത്തോട് ചേർന്ന പ്രദേശത്ത് ഏക്കറിന് 16 ലക്ഷം രൂപ വീതം നൽകിയാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.
മൂടക്കൊല്ലി സ്വദേശി കുഞ്ഞിക്കണ്ണൻ, അജിത്, കൊട്ടമുരട് ഉന്നതിയിലെ ചീര എന്നിവരടക്കം ആറുപേർക്ക് ഓരോ ഏക്കർ വീതം രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്തു. സ്ഥലത്തേക്ക് റോഡ്, വീട്, കുടിവെള്ളം എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തി പുനരധിവസിപ്പിക്കും എന്നായിരുന്നു സർക്കാർ വാഗ്ദാനം.
യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതി പിന്നീട് വന്ന എൽഡിഎഫ് സർക്കാർ പിന്നാന്പുറത്തേക്ക് തള്ളി. രോഗബാധിതർക്ക് സ്ഥലം കിട്ടിയെങ്കിലും വീടോ മറ്റു സൗകര്യങ്ങളോ കിട്ടാത്തതുകൊണ്ട് കൈവശക്കാരാരും ഇങ്ങോട്ട് വന്നില്ല. കഴിഞ്ഞ 10 വർഷമായി അനാഥമായി കിടക്കുന്ന ഈ ആറേക്കർ സ്ഥലം ഇപ്പോൾ സ്വാഭാവിക വനമായി പരിണമിച്ചു.
ഈ സ്ഥലത്തിന്റെ പഴയ ഉടമ 1987ൽ നിർമിച്ച കിണർ ഇപ്പോഴും ജലസമൃദ്ധമാണ്. സ്ഥലത്തിന്റെ നടുവിൽ ഉണ്ടായിരുന്ന കെട്ടിടം പരിപാലിക്കാൻ ആളില്ലാത്തതിനാൽ ജീർണാവസ്ഥയിലായി.
അനാഥമായ ഈ സ്ഥലത്തിന്റെ ദുരിതം അനുഭവിക്കുന്നത് സമീപവാസികളാണ്. കാട്ടുപന്നി, മാൻ, കുരങ്ങ് എന്നീ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ സ്ഥലം.
കാട്ടാനകളും പതിവായി ഇവിടെയെത്തുംന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട വീട് ചൂതാട്ടക്കാരുടെയും മദ്യപരുടെയും മയക്കുമരുന്ന് വിപണന കേന്ദ്രമായും മാറി. സിക്കിൾസെൽ അനീമിയ ബാധിതർക്ക് സർക്കാർവീടും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നാണ് രോഗ ബാധിതരുടെ ആവശ്യം.