പാക്കം - കുറിച്ചിപ്പറ്റ റോഡിൽ കാട്ടാന ശല്യം രൂക്ഷം
1573144
Saturday, July 5, 2025 5:55 AM IST
പുൽപ്പള്ളി: പുൽപ്പള്ളി - മാനന്തവാടി റോഡിലെ കുറിച്ചിപ്പറ്റ, പാക്കം റോഡിൽ കാട്ടാനശല്യം വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു.
വാഹനങ്ങൾക്കുനേരെ ഒറ്റയാൻ ചീറിയടുക്കുന്നത് പതിവായതോടെ ഇതുവഴി ഇരുചക്രവാഹനം ഉൾപ്പെടെയുള്ളവയ്ക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം പുൽപ്പള്ളി സ്വദേശിയായ രണ്ടുപേർക്കു നേരെ കാട്ടാന ചീറിയടുത്തിരുന്നു.
തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഈ ഭാഗങ്ങളിൽ ഒറ്റയാന്റെ ശല്യം വർധിച്ചിട്ടും ശല്യക്കാരനായ ആനയെ ഉൾവനത്തിലേക്ക് തുരത്താനാവശ്യമായ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുറിച്ചിപ്പറ്റ ഇറക്കം മുതൽ കുറുവാ ദ്വീപ് വരെയുള്ള റോഡിന്റെ ഭാഗങ്ങളിലാണ് ഈ ആനയുടെ ശല്യം കൂടുതൽ. ഇതുവഴി കാൽനടയാത്രക്കാർക്ക് പോലും നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
രണ്ട് ദിവസം മുന്പ് കാർ യാത്രക്കാർ ഈ ആനയുടെ മുന്നിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വനപാതയിൽ പതിഞ്ഞുനിൽക്കുന്ന ആന വാഹനങ്ങൾ അടുത്തെത്തുന്പോൾ ചീറിയടുക്കുന്നത് മൂലം വാഹനങ്ങൾ അപകടത്തിൽപ്പെടാനും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരൻ ആനയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ജനങ്ങൾക്ക് ഭീഷണിയായ ആനയെ ഉൾവനത്തിലേക്ക് തുരത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം.
പാടന്തറയിലും കോട്ടായ്മെടിലും ഭീതി
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ പാടന്തറ, കൊട്ടായ്മേട് ഭാഗങ്ങളിൽ ഭീതി പരത്തി കാട്ടാനകൾ. കഴിഞ്ഞ ദിവസമാണ് ആനകൾ ഈ പ്രദേശങ്ങളിൽ ഇറങ്ങിയത്. ഇവയെ വനസേന മുതുമല കാട്ടിലേക്ക് തുരത്തിയെങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ തിരിച്ചെത്തി.
കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നും ഇവ ജനവാസമേഖലയിൽ തിരിച്ചെത്തില്ലെന്ന് ഉറപ്പുവരുത്തുണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.