സുരഭിക്കവല-ആലത്തൂർ റോഡ് തകർന്നു
1573148
Saturday, July 5, 2025 5:55 AM IST
പുൽപ്പള്ളി: സുരഭിക്കവല-ആലത്തൂർ റോഡ് പാടെ തകർന്നു. മുള്ളൻകൊല്ലി പഞ്ചായത്തിലെ 12, 15 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പലഭാഗങ്ങളിലും വൻകുഴികൾ രൂപപ്പെട്ടിരിക്കയാണ്.
മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലം ബൈക്കും സ്കൂട്ടറും ഉൾപ്പെടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. പാടിച്ചിറ, കബനിഗിരി, മരക്കടവ്, ചാമപ്പാറ, സീതാമൗണ്ട് പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുൽപ്പള്ളി, മുള്ളൻകൊല്ലി ടൗണുകളിൽ പ്രവേശിക്കാതെ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ എളുപ്പം എത്താൻ സഹായകമാണ് റോഡ്.
എന്നിട്ടും പാതയുടെ ശോച്യാവസ്ഥയ്ക്കുനേരേ അധികൃതർ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മൂന്നുവർഷം മുന്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിന്റെ കുറച്ചുഭാഗം ടാർ ചെയ്തിരുന്നു.
പിന്നീടിന്നോളം അറ്റകുറ്റപ്പണി പോലും നടന്നില്ല. വൻ കുഴികൾ ക്വാറിവേസ്റ്റ് ഇട്ട് നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അവഗണന തുടർന്നാൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് അവരുടെ തീരുമാനം.