വിവരാവകാശ സൗഹൃദ സിവില്‍ സ്റ്റേഷന് ; അവലോകന യോഗം ചേര്‍ന്നു
1593152
Saturday, September 20, 2025 5:32 AM IST
കോഴിക്കോട്: സിവില്‍ സ്റ്റേഷന് വിവരാവകാശ സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.
കളക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ എഡിഎം പി. സുരേഷ് വിശദീകരിച്ചു. തുടര്‍ന്ന് വിവിധ ഓഫീസുകളില്‍ ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
വിവരാവകാശ നിയമം പൂര്‍ണമായി നടപ്പാക്കിയ ദിനമായ ഒക്ടോബര്‍ 12ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും വിവരാവകാശ സൗഹൃദമായി പ്രഖ്യാപിക്കുന്നതാണ് പദ്ധതി.
വിവരാവകാശ നിയമപ്രകാരം എല്ലാ ഓഫീസുകളിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് കാറ്റലോഗ് ചെയ്ത് കമ്പ്യൂട്ടറിലൂടെ ലഭ്യമാക്കല്‍, എല്ലാ ഓഫീസുകളിലും വിവരാവകാശവുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഓഫീസ് വെബ്സൈറ്റിലെ വിവരങ്ങള്‍ കാലികമാക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. വിവരാവകാശ നിയമത്തിലെ 4 (1) ബി വകുപ്പ് പ്രകാരം വിവരാവകാശ അധികാരികള്‍ സ്വമേധയാ സ്വീകരിക്കേണ്ട 17 ഇന നടപടികളിലെ പുരോഗതി കമ്മീഷണര്‍ വിലയിരുത്തി.