നിരന്തര അവഗണന : എൽഡിഎഫ് വികസന മുന്നേറ്റ ജാഥ സിപിഐ ബഹിഷ്കരിക്കും
1593146
Saturday, September 20, 2025 5:32 AM IST
മുക്കം: ഭരണ തുടർച്ചയുടെ 25 സംവത്സരങ്ങൾ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് മുക്കം നഗരസഭ കമ്മിറ്റിയുടെ പേരിൽ നടത്തുന്ന വികസന മുന്നേറ്റ ജാഥയിൽ നിന്ന് വിട്ടു നിൽക്കാൻ പ്രധാന ഘടക കക്ഷിയായ സിപിഐ തീരുമാനിച്ചു.
ഈ മാസം 27, 28 തിയതികളിലാണ് ജാഥ. വർഷങ്ങളായി സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളോട് സിപിഎം തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ജാഥ ബഹിഷ്ക്കരിക്കാൻ ഇവർ തീരുമാനമെടുത്തത്.
വ്യാഴാഴ്ച നടന്നജാഥയുടെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സിപിഐ പ്രതിനിധികൾ പങ്കെടുത്തില്ല. സിപിഎം തനിച്ച് തീരുമാനമെടുക്കുകയും ബോർഡുകളും ഫ്ലക്സുകളുമെല്ലാം പരക്കെ സ്ഥാപിച്ചതിന് ശേഷം യോഗം വിളിക്കുകയുമാണ് ചെയ്തതെന്നും ഇത് ഏകപക്ഷീയമായ തീരുമാനമാണന്നും സിപിഐ നേതാക്കൾ പറയുന്നു.
സിപിഐയുടെ പിൻമാറ്റം ചർച്ചയായതോടെ ആ പാർട്ടിയുമായി ചർച്ചകൾക്ക് ആളെ ചുമതലപ്പെടുത്തിയതായാണ് വിവരം. സിപിഐ എന്ന ഘടക കക്ഷിയെ മുക്കം നഗരസഭയിൽ സിപിഎം നിരന്തരമായി അവഗണിക്കുകയാണന്ന് നേരത്തെ തന്നെ പരാതിയുണ്ട്.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും സിപിഐക്ക് മുക്കം നഗരസഭയിൽ മത്സരിക്കാൻ സീറ്റ് നൽകാൻ സിപിഎം തയാറായിരുന്നില്ല. അവർ പ്രതിഷേധവുമായി രംഗത്തെത്തുകയും എൽഡിഎഫ് ജില്ല കമ്മിറ്റിയിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തിരുന്നു.
27 ന് നീലേശ്വരത്ത് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന ജാഥ 28 ന് വൈകീട്ട് മുക്കം എസ്.കെ പാർക്കിൽ സമാപിക്കും. സമാപന യോഗം സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.