വന്യജീവി നിയമ ഭേദഗതി ബില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കത്തോലിക്ക കോണ്‍ഗ്രസ്
1593136
Saturday, September 20, 2025 5:16 AM IST
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച വന്യജീവിനിയമ ഭേദഗതി ബില്‍ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതും കണ്ണില്‍ പൊടിയിടാനുള്ളതുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത. നിലവിലുള്ള കേന്ദ്രനിയമം ഇളവ് ചെയ്യാന്‍ സംസ്ഥാന നിയമസഭ ഒന്നടങ്കം പ്രമേയം പാസാക്കി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിലവിലെ നിയമം കേന്ദ്രം ഇളവ് ചെയ്യാതെ സംസ്ഥാനത്തിന് ഭേദഗതി കൊണ്ടുവരാന്‍ ഭരണഘടനാപരമായി സാധിക്കില്ല എന്ന നിബന്ധന തിരുത്തി എടുക്കുവാന്‍ കഴിയണം. അല്ലെങ്കില്‍ ഇത്തരം നിയമഭേദഗതികള്‍ക്ക് യാതൊരു പ്രായോഗിക ഫലവുമുണ്ടാകില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് തന്നെ പാര്‍ലമെന്റില്‍ നടത്തിയ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഭേദഗതിയുടെ സമയത്ത് പോലും വേണ്ടവിധത്തില്‍ സംസ്ഥാന സര്‍ക്കാരും എംപിമാരും ഭേദഗതിയില്‍ ഇടപെടാതെ അതിനുള്ള അവസരം നഷ്ടമാക്കി എന്നത് ജനങ്ങളോടുള്ള വഞ്ചന വ്യക്തമാക്കുന്നതാണ്.സംസ്ഥാന സര്‍ക്കാരിന് താല്‍ക്കാലിക പരിഹാരമായി ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സെക്ഷന്‍ 11 പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ പ്രയോഗിച്ചുകൊണ്ട് ഈ പ്രശ്നത്തെ പരിഹരിക്കാന്‍ ശ്രമിക്കുക എന്നതാണ് ഒന്ന്.
കാട്ടുപന്നിയെ വെടിവയ്ക്കുവാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പദവി നല്കിയതുപോലെ ശല്യക്കാരായ മൃഗങ്ങളെ പിടിച്ചുമാറ്റി പാര്‍പ്പിക്കല്‍, റെസ്ക്യൂ സെന്ററുകളില്‍ പാര്‍പ്പിക്കല്‍,അത്യാവശ്യ സാഹചര്യങ്ങളില്‍ കേന്ദ്രനിയമ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വയംരക്ഷയുടെ ഭാഗമായി വന്യമൃഗത്തെ ഉന്മൂലനം ചെയ്യുന്ന നടപടി സ്വീകരിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളാണ് ചിലത്.
അതിനായി ചീഫ് ലൈഫ് വാര്‍ഡന്റെ അധികാരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിനും കളക്ടര്‍ക്കും ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥനും ഓണററി പദവി വഴി കൈമാറി ഇത് നടപ്പിലാക്കുവാന്‍ പരിശ്രമിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ജനവാസ മേഖലകളിലുള്ള മുഴുവന്‍ കാട്ടുപന്നികളെയും പഞ്ചായത്ത് അധികൃതരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഒരു മാസത്തിനകം ഉന്മൂലനം ചെയ്യണം.
ജനവാസ മേഖലകളില്‍ പാര്‍ക്കുന്ന ഇത്തരം കാട്ടുപന്നികള്‍ ഇല്ലാതാകുന്നത് വനത്തിലെ ആവാസവ്യവസ്ഥയ്ക്ക് യാതൊരു കോട്ടവും വരുത്തുന്നില്ല എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം. ഇതിനൊക്കെ ആവശ്യമായ നിയമനിര്‍മാണമാണ് ഇവിടെ കരണീയം. ഒപ്പം കേന്ദ്ര നിയമം പരിഷ്കരിക്കുവാന്‍ നിയമസഭാ ഐകകണ്ഠ്യേന പ്രമേയം പാസാക്കി ശാശ്വത പരിഹാരത്തിന് പരിശ്രമിക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 254 പ്രകാരം കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന വിഷയങ്ങള്‍ ആണെങ്കിലും സംസ്ഥാന നിയമം കേന്ദ്രനിയമത്തോട് വൈരുദ്ധ്യമുണ്ടെങ്കില്‍ അത് നിലനില്ക്കുകയില്ല. 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സെക്ഷന്‍ 11, 12 വകുപ്പുകളില്‍ സംസ്ഥാനത്തിന്റെ ഭേദഗതി ഭരണഘടനാപരമായും നിയമപരമായും നിലനില്ക്കാത്തതായത് കൊണ്ടുതന്നെ ഇത് കേന്ദ്രം അംഗീകരിക്കില്ല.അതിനാല്‍ തന്നെ ഗവര്‍ണര്‍ അംഗീകരിക്കുകയില്ല. അംഗീകരിച്ചാലും ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കേണ്ടിവരും എന്ന വസ്തുത നിലനില്ക്കുന്നു.
കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിന്റ ഷെഡ്യൂള്‍ രണ്ടില്‍ പെടുന്നതുകൊണ്ടാണ് കാട്ടുപന്നിയെ നിയന്ത്രിതമായി വേട്ടയാടാന്‍ കഴിയുന്നത്. എന്നാല്‍ ഷെഡ്യൂള്‍ ഒന്നിലെ മൃഗങ്ങളെ വേട്ടയാടുന്നത് നിരോധിതമാണ്. കുരങ്ങിനെ നിലവിലുള്ള നിയമത്തിലെ പട്ടിക ഒന്നില്‍ നിന്ന് ഒഴിവാക്കി പട്ടിക രണ്ടില്‍ ചേര്‍ക്കാനുള്ള ബില്ലിലെ ഭേദഗതി കേന്ദ്രനിയമത്തോട് വിരുദ്ധമായതിനാല്‍ നിലനില്‍ക്കില്ല.
കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷനുകളും ഷെഡ്യൂളുകളും മാറ്റുവാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ കഴിയൂ എന്ന വസ്തുത നിലനില്‍ക്കെ സെക്ഷന്‍ 11, 12 വകുപ്പുകള്‍ സംസ്ഥാനത്തിന് മാറ്റി മറിക്കാന്‍ ഭരണഘടനാപരമായ അധികാരമില്ല എന്നതാണ് വസ്തുത. അതോടൊപ്പം വന്യജീവി സംരക്ഷണ നിയമപ്രകാരം ഒരു ജീവിയുടെ ആവാസവ്യവസ്ഥ അതിനെ കണ്ടുമുട്ടുന്ന ഏത് സ്ഥലവും ആകാം.
വനമോ സംരക്ഷിത പ്രദേശമോ മാത്രമാകണമെന്നില്ല എന്നുള്ള യുക്തിക്ക് നിരക്കാത്ത നിര്‍വചനം മാറാതെ ജനവാസ കേന്ദ്രങ്ങളില്‍ പോലും വന്യജീവികളെ വെടിവയ്ക്കാന്‍ സാധിക്കുകയില്ല എന്നതാണ് വസ്തുത. അതിനാല്‍ ഭേദഗതിക്ക് യാതൊരു നിയമ പരിരക്ഷയും ഇല്ല എന്നുവരും. നിലവിലുള്ള വനത്തിനും സംരക്ഷിത മേഖലയ്ക്കും പുറമേ ഫോറസ്റ്റ് പട്ടയത്തിലുള്ള പ്രദേശങ്ങള്‍ ഡിനോട്ടിഫൈ ചെയ്തിട്ടില്ലെങ്കില്‍ അതനുസരിച്ച് അവയും ഇപ്പോഴും വനമായി കണക്കാക്കപ്പെടും എന്ന വിരോധാഭാസവും ഇവിടെ നിലനില്ക്കുന്നു.
പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, വൈസ് പ്രസിഡന്റ് അല്‍ഫോണ്‍സാ മാത്യു, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസാ ലിസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.