വടകര ബീച്ച് പോസ്റ്റോഫീസ് അടച്ചുപൂട്ടുന്നു : പ്രദേശത്തെ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന്
1592868
Friday, September 19, 2025 5:08 AM IST
വടകര: വടകരയുടെ തീരപ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് തപാല്‍ സേവനം നല്കിക്കൊണ്ടിരിക്കുന്ന ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങി.
ഈ മാസം മുപ്പതോടെ ബീച്ച് പോസ്റ്റ് ഓഫീസ് വടകര ഹെഡ്പോസ്റ്റ് ഓഫീസില്‍ ലയിപ്പിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ നടപടി ഈ പ്രദേശത്തെ പൊതുജനങ്ങളുടെ ജീവിതത്തെയും ജീവനക്കാരേയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മത്സ്യത്തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, ദിവസവേതന തൊഴിലാളികള്‍, സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ടവര്‍, ചെറുകിട വ്യവസായികള്‍ തുടങ്ങിയ നിരവധി വിഭാഗങ്ങള്‍ക്കുള്ള ജീവിതോപാധിയുടെ കേന്ദ്രമാണ് തപാല്‍ ഓഫീസ്. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, മണി ഓര്‍ഡര്‍ തുടങ്ങിയ പദ്ധതികള്‍ തപാല്‍ ഓഫീസ് വഴി നടപ്പിലാക്കി വരുന്നുണ്ട്.
ഓഫീസ് അടച്ചുപൂട്ടുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഈ പ്രദേശത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും നഗരാരോഗ്യ ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് തുടങ്ങിയ സേവനങ്ങള്‍ തപാല്‍ ഓഫീസ് ബാങ്കിംഗ് വഴിയാണ് സാധാരണയായി നടക്കുന്നത്. ഓഫീസ് ഇല്ലാതാകുന്നത് ഇത്തരം സേവനങ്ങള്‍ താറുമാറാക്കും.
ബീച്ച് തപാല്‍ ഓഫീസ് ഇല്ലാതായാല്‍ ഇവിടത്തെ സാധാരണക്കാര്‍ക്ക് വടകര ഹെഡ് പോസ്റ്റ് ഓഫീസിനെയോ ചോറോട് പോസ്റ്റ് ഓഫീസിനെയോ ആശ്രയിക്കേണ്ടിവരും. ഇവ ദൂരെയായതിനാല്‍ പൊതുജനങ്ങള്‍ക്ക് വലിയ പ്രയാസം വരും.
മത്സ്യതൊഴിലാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും യാത്ര പ്രയാസം സൃഷ്ടിക്കും. പോസ്റ്റ്മാന് ഡ്യൂട്ടിയിലുള്ളവര്‍ പുതിയ ഓഫീസുകളില്‍ നിന്ന് കൂടുതല്‍ ദൂരം നടന്ന് മെയില്‍ വിതരണം നടത്തേണ്ടിവരും. ഇതോടെ മെയില്‍ ഡെലിവറിയും ജനങ്ങള്‍ക്കുള്ള സേവനവും വൈകും.
ആര്‍ഡി ഏജന്റുമാര്‍ മറ്റോഫീസുകളില്‍ ചേര്‍ക്കപ്പെടുന്നതോടെ അവിടങ്ങളിലെ കൗണ്ടര്‍ ജീവനക്കാരുടെ ജോലി ഭാരം ഉയരും. തപാല്‍ മേഖലയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.