തൂങ്കുഴി പിതാവ് ലാളിത്യത്തിന്റെ ആള്‍രൂപം
1592867
Friday, September 19, 2025 5:08 AM IST
എം. ജയതിലകന്‍
കോഴിക്കോട്: കാലം ചെയ്ത ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി മാനന്തവാടിയില്‍ ബിഷപായിരുന്ന കാലം. കൃഷിയില്‍ താല്പര്യമുള്ള ആളായിരുന്നു പിതാവ്. ഒഴിവു കിട്ടുമ്പോള്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടും. ഒരു ദിവസം പിതാവിനെ കാണാന്‍ രണ്ടു പത്രപ്രവര്‍ത്തകര്‍ വന്നു. അദ്ദേഹം അരമനയില്‍ ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ പിറകിലുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.
പത്ര പ്രവര്‍ത്തകര്‍ രണ്ടുപേരും പിന്‍ഭാഗത്ത് ചെന്നു നോക്കി. അവിടെ ആരെയും കണ്ടില്ല. അവര്‍ തിരിച്ചുവന്ന് വിവരം പറഞ്ഞു. പിന്‍ഭാഗത്ത് ഉണ്ടല്ലോ എന്നായി ജീവനക്കാര്‍. പത്രപ്രവര്‍ത്തകര്‍ വീണ്ടും അരമനയുടെ പിന്‍ഭാഗത്തേക്ക് പോയി. അവിടെ ഒരു കര്ഷകന് വാഴയ്ക്ക് തടമെടുക്കുന്നുണ്ടായിരുന്നു.കൈലി മുണ്ടും ബനിയനുമാണ് വേഷം. പത്രപ്രവര്‍ത്തകര്‍ തൂങ്കുഴി പിതാവിനെ അവിടെ എവിടെയെങ്കിലും കണ്ടോ എന്ന് അദ്ദേഹത്തോടു തിരക്കി. "അത് ഞാന്‍ തന്നെ' എന്നായിരുന്നു മറുപടി. ഇതു കേട്ട പത്രപ്രവര്‍ത്തകര്‍ അദ്ഭുതസ്തംബ്ധരായി.
പിതാവിന്റെ ലാളിത്യത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദരപുത്രന് സ്കറിയ തൂങ്കുഴിയുടെ കണ്ണുകള്‍ നിറഞ്ഞു. ലാളിത്യത്തിന്റെ ആള് രൂപമായിരുന്നു പിതാവെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും തൂങ്കുഴി പിതാവ് ദേഷ്യപ്പെട്ടിട്ടില്ല. സൗമ്യ സ്വഭാവക്കാരനായിരുന്നു അദ്ദേഹം. സ്നേഹം നിറഞ്ഞ പെരുമാറ്റം.
പിതാവ് പൗരോഹിത്യം സ്വീകരിച്ച് തലശേരിയില്‍ വൈദികനായിരുന്ന കാലത്താണ് 1968-ല്‍ പാല വിളക്കുമാടത്തുനിന്ന് തിരുവമ്പാടിയിലേക്ക് കുടിയേറിയതെന്ന് സ്കറിയ പറഞ്ഞു. അന്ന് അഞ്ചാം ക്ളാസിലാണ് താന്‍ പഠിക്കുന്നത്. പിതാവ് തലശേരിയില്‍നിന്ന് വീട്ടില്‍ വരുമ്പോള്‍ വലിയ ആഘോഷമാണ്. വയറു നിറയെ ഭക്ഷണം കിട്ടും.പാട്ടുപാടും.
കുര്‍ബാനയുടെ പാട്ടുകളും ക്രിസ്തീയ ഭക്തിഗാനങ്ങളുമാണ് പാടുക. ബിഷപ്പുമാരിലെ ഗായകനും ഗായകരിലെ ബിഷപ്പുമെന്നാണ് തൂങ്കുഴി പിതാവ് അറിയപ്പെട്ടിരുന്നത്. തലശേരിയില്‍നിന്ന് ബൈക്കിലാണ് തിരുവമ്പാടിയിലേക്ക് വരിക. ബൈക്കിന്റെ പിറകില്‍ കയറ്റി ഞങ്ങളെയെല്ലാം കൊണ്ടുപോകും. മറക്കാനാവാത്ത അനുഭവമായിരുന്നു അത്. ഡ്രൈവിംഗ് അദ്ദേഹത്തിനു ഹരമായിരുന്നു.
പിതാവായപ്പോഴും "അച്ചാ' എന്നാണ് ഞങ്ങളെല്ലാം വിളിച്ചിരുന്നതെന്ന് സ്കറിയ പറഞ്ഞു. കൂടുതല്‍ അടുപ്പം സൂക്ഷിക്കാന്‍ "അച്ചാ' എന്ന വിളിക്കാണ് സാധിക്കുക. അതുകൊണ്ട് അദ്ദേഹത്തിന്റെ മരണം വരെ അച്ചാ എന്നാണ് വിളിച്ചിരുന്നത്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി 2013ലാണ് സ്കറിയ തൂങ്കുഴി വിരമിച്ചത്. മാത്യു തൂങ്കുഴിയുടെയും എല്സിയുെടയും മകനാണ് സ്കറിയ തൂങ്കുഴി.