കൂടത്തായ് കേസില്‍ സാക്ഷി വിസ്താരം
1593140
Saturday, September 20, 2025 5:16 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് വധക്കേസില്‍ 252-ാം സാക്ഷി ഭാരതി എയര്‍ടെല്‍ കേരള സര്‍ക്കിള്‍ നോഡല്‍ ഓഫീസര്‍ കെ. വാസുദേവന്‍, ഓമശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന ലുക്മാന് എന്നിവരുടെ വിസ്താരം മാറാട് പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായി. മൂന്നാം പ്രതി പ്രജികുമാറിന്റെ എയര്‍ടെല്‍ കമ്പനിയുടെ കണക്ഷനുള്ള മൊബൈല്‍ ഫോണില്‍ നിന്നു ജോളി അറസ്റ്റ് ചെയ്യപ്പെടുന്ന തീയതി വരെ പുറത്തേക്കും തിരികെയും ഉള്ള ഫോണ്‍ കോളുകളുടെ വിശദാംശങ്ങളാണ് ജഡ്ജ് കെ. സുരേഷ് കുമാര്‍ മുമ്പാകെ സാക്ഷിമൊഴി നല്‍കിയത്.
രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ. എം.ഷഫീര്‍ സിംഗും മൂന്നാം പ്രതിക്ക് വേണ്ടി അഡ്വ. കെ.രാജേഷ് കുമാറും സാക്ഷിയെ ക്രോസ് വിസ്താരം ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍. കെ. ഉണ്ണികൃഷ്ണന്, അഡീഷണല്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഇ.സുഭാഷ് എന്നിവര്‍ ഹാജരായി. വോഡഫോണ്‍, ജിയോ, ബിഎസ്എന്‍എല്‍ കമ്പനികളുടെ നോഡല്‍ ഓഫീസര്‍മാരെ 26ന് വിസ്തരിക്കും.