വികസന മുരടിപ്പ് : ജനകീയ കുറ്റവിചാരണയുമായി എൽഡിഎഫ്
1592880
Friday, September 19, 2025 5:15 AM IST
കൂരാച്ചുണ്ട്: യുഡിഎഫ് ഭരണത്തിലുള്ള കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരേയും വികസന മുരടിപ്പിലും പ്രതിഷേധിച്ച് എൽഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ജനകീയ കുറ്റവിചാരണ നടത്തുന്നു.
യുഡിഎഫ് ഭരണം അധികാരത്തിലേറി നാലരവർഷം പിന്നിടുമ്പോഴും പ്രധാന കക്ഷിയായ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള തർക്കവും മുന്നണിക്കുള്ളിലെ അധികാര വടംവലിയും പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിച്ചു.
സർക്കാർ നൽകുന്ന ഫണ്ടുകൾ വീതം വയ്ക്കുന്നതല്ലാതെ ഒരു വികസനങ്ങളും നടപ്പാക്കിയില്ലെന്ന് എൽഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വിൽസൺ പാത്തിച്ചാലിൽ, എ.സി ഗോപി, കെ.ജി അരുൺ, ജോസഫ് വെട്ടുകല്ലേൽ, എ.കെ. പ്രേമൻ, അശോകൻ കുറുങ്ങോട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരത്തിന്റെ പ്രചരണാർഥം ഇന്നും നാളെയും പഞ്ചായത്തിലുടനീളം കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കും.
ഇന്ന് കക്കയത്തു നിന്നും ആരംഭിക്കുന്ന ജാഥ സിപിഎം ഏരിയ സെക്രട്ടറി ടി.കെ. സുമേഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് പൂവത്തുംചോലയിൽ നടക്കുന്ന സമാപന സമ്മേളനം കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്യും. നാളെ ഓട്ടപ്പാലത്തു നിന്നും ആരംഭിക്കുന്ന ജാഥ എൻസിപി നേതാവ് പി. സുധാകരൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5.30ന് കൂരാച്ചുണ്ടിൽ നടക്കുന്ന സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ് ഉദ്ഘാടനം ചെയ്യും. 23ന് രാവിലെ പത്തിന് നടക്കുന്ന ജനകീയ കുറ്റ വിചാരണ സിപിഎം ജില്ലാ സെക്രട്ടറി എം. ഹബൂബ് ഉദ്ഘാടനം ചെയ്യും.