വേണ്ടാ... ലഹരി; കുട്ടികൾ കളിക്കട്ടെ ; കോഴിക്കോട് കോര്പറേഷന് 348 കോടിയുടെ മിച്ച ബജറ്റ്
1536354
Tuesday, March 25, 2025 7:43 AM IST
കോഴിക്കോട്: കോര്പറേഷന് നടപ്പു കൗണ്‍സിലിന്റെ അവസാന ബജറ്റില്‍ ഒട്ടനവധി നൂതന പദ്ധതികള്‍. 348 കോടിയുടെ മിച്ചബജറ്റാണ് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫർ അഹമ്മദ് അവതരിപ്പിച്ചത്.
പരാതികള്‍ക്കിട നല്‍കാതെ പരമാവധി വികസനങ്ങള്‍ നടപ്പാക്കാന്‍ ഈ കൗണ്‍സില്‍ പ്രതിജ്ഞാബന്ധമാണെന്നും പ്രതിപക്ഷത്തിനും മുഴുവന്‍ നഗരവാസികള്‍ക്കും ഭരണപക്ഷം ഒരേ മനസോടെ നന്ദി പറയുന്നതായും ഡെപ്യൂട്ടി മേയര്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.2025- 26 വര്‍ഷത്തില്‍1744.89 കോടിയുടെ വരവും, 1397 കോടിയുടെ ചെലവും, 348 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് മതിപ്പ് ബജറ്റ് . ഇന്നലെ ഉച്ചയ്ക്ക് ശേഷം ചര്‍ച്ച തുടങ്ങി. ചര്‍ച്ച ഇന്നും തുടരും.
സമീപകാലത്ത് ജില്ലയിലുണ്ടായ ലഹരി കേസുകളിലെ ആശങ്ക ബജറ്റിലും പ്രതിഫലിച്ചു. കുട്ടികളിലെ ലഹരിയും അക്രമ വാസനയും ഇന്ന് കേരളം നേരിടുന്ന വലിയ പ്രശ്നമാണെന്ന് ബജറ്റില്‍ ചുണ്ടിക്കാട്ടുന്നു. ഇതിനായി കുട്ടികൾ കളിക്കട്ടെ എന്ന ക്യാംപയിൻ ചെയ്യുകയാണ്. എല്ലാ കളിസ്ഥലങ്ങൾ നവീകരിക്കുകയും, ഉപയോഗയുക്തമാക്കുകയും, സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് എല്ലാ സ്ഥലങ്ങളും ക്ലബുകളുടെ സഹായത്തിൽ രാത്രി വരെ കളിക്കാൻ സഹായകമാകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തും.എൻഫോഴ്സ്മെന്റ് ശക്തമാക്കും.ഓരോ കൗൺസിലറുടേയും വാർഡുകളിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. "ദീപ്തം' എന്ന പദ്ധതി ബീച്ച് ആശുപത്രിയിൽ റീഹാബിലിറ്റേഷൻ യൂണിറ്റ് തുടങ്ങും. അവിടെ ലഹരിക്കടിമ ആയവരെ കിടത്തി ചികിത്സിക്കാൻ സൗകര്യം ചെയ്യും.
വിദ്യാര്‍ത്ഥികളെ ശാസ്ത്രജ്ഞരാക്കാന്‍ നോബല്‍ പദ്ധതി, നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നോവേഷന്‍ ലാബ്, വയോജന സൗഹൃദ പദ്ധതികള്‍, വയോജനങ്ങള്‍ക്ക് പൊതു സ്ഥലത്ത് ഒത്തു ചേരാന്‍ തണലിടം, വയോജനങ്ങള്‍ക്കായി വാതില്‍പ്പടി സേവന പദ്ധതി, വീട്ടമ്മമാര്‍ക്ക് തൊഴില്‍ നല്കാന് വി ലിഫ്റ്റ്, സൗത്ത് ബീച്ച് നിവാസികള്‍ക്ക് പുനരധിവാസ പദ്ധതി, ഉദയം പദ്ധതി, പ്രവാസി ക്ഷേമം, ഷീ ലോഞ്ച് കം ബേബി കെയര്‍ സെന്റര്‍, കുടുംബശ്രീ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ ഡെലിവറി, ഇരുപതോളം റോഡുകളുടെ വികസനം, കുടിവെള്ള വിതരണം, കല്ലുത്താന്‍ കടവ് പച്ചക്കറി മാര്‍ക്കറ്റ്, മൊപ്പൂസില് ബസ് സ്റ്റാന്‍ഡ് നവീകരണം, ആധുനിക ടോയ്ലറ്റ്, ടേക് എ ബ്രേക്ക് പദ്ധതി, മൊബൈല്‍ ടോയ്ലറ്റ് യൂനിറ്റ്, ആധുനീക അറവുശാല , സിറ്റിയില്‍ സിസിടിവി കാമറകള്‍, പഴയ പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടത്തില്‍ സ്പൈസസ് പാര്‍ക്ക്, കോഴിക്കോട് ഓട്ടോ പദ്ധതി, നഗരപരിധിയില്‍ 26 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍,ഇ-ബസ്, പാളയം ലോക്കല്‍ ഏരിയ പ്ലാന്‍, മെഡിക്കല്‍ കോളജ് ജംഗ്ഷന് നവീകരണം, ആസ്തി പരിപാലന സേന, മാനാഞ്ചിറ സ്ട്രീറ്റ് രണ്ടാം ഘട്ടം, കനോലി കനാല്‍ റിക്രിയേഷന്‍ സോണ്‍, താമരക്കുളം നവീകരണം, ബീച്ച് നൈറ്റ് ലൈഫ്, ബീച്ചില്‍ വൈഫൈ, വാട്ടര്‍ ലൂപ്പ് ടൂറിസം, നഗര കൃഷി, ജിഐഎസ് മാപ്പിംഗ് , കോര്പറേഷന് സ്പോട്സ് അക്കാദമി, ലഹരിക്കെതിരെ കായിക കാംപയിന് , കാര്‍ബണ്‍ ന്യൂട്രല്‍ കോഴിക്കോട്, തുടങ്ങി ഒട്ടനവധി പദ്ധതികള്‍ പുതിയ മതിപ്പ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വരുന്നു, 4 മാസം നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍
കോഴിക്കോടിന്റെ വ്യാപാര സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കോഴിക്കോടിന്റെ പൈതൃകവും പാരമ്പര്യവും ലോകത്തിന് മുന്നില്പ്രദര്ശിപ്പിക്കുന്നതിനും ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനും 120 ദിവസം നീണ്ടുനില്‍ക്കുന്ന കോഴിക്കോട് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തും.സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയായിരിക്കും ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക. ഒപ്പം കലാ കായിക മേളകളും സംഘടിപ്പിക്കും.ഇതിനായുള്ള പ്രാരംഭനടപടികള്‍ അടുത്തമാസം മുതല്‍ ആരംഭിക്കും. പത്ത് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.
റോഡുകള്‍ മാത്രമല്ല ജംഗ്ഷനുകളും വികസിപ്പിക്കും
ട്രാഫിക് തടസം ഒഴിവാക്കാന്‍ റോഡുകള്‍ക്കൊപ്പം തന്നെ ജംഗ്ഷനുകളും വികസിപ്പിക്കുന്നതിന് നടപടികള്‍ ബജറ്റില്‍ പറയുന്നു. കാരപറമ്പ്, മാങ്കാവ്,തുടങ്ങിയ ജംഗ്ഷനുകള്‍ ഏറ്റവും അധികം ട്രാഫിക് തടസം നേരിടുന്നുണ്ട്. ഈ ജംഗ്ഷനുകള്വിപുലീകരിക്കുന്നതിന് പൊതു മരാമത്തുവകുപ്പുമായി യോജിച്ച് നടപടി സ്വീകരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ജംഗ്ഷന് വികസനത്തിന് ശാസ്ത്രീയമായ പദ്ധതി ആവിഷ്കരിക്കും. ഇതിനായി 20 കോടി അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടം ബജറ്റ് വര്‍ഷം പൂര്‍ത്തീകരിക്കും.തുക ബജറ്റില്‍ വകയിരുത്തി.
ബജറ്റില്‍ മുഖചിത്രമായി എംടി
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ ബജറ്റില്‍ മുഖചിത്രമായി എംടി. കോര്പറേഷന് ഭരണസമിതിയുടെ അവസാന ബജറ്റിലാണ് എം.ടി. വാസുദേവന്‍ നായരുടെ ചിത്രവും യുനസ്കോ സാഹിത്യ നഗരിയുടെ എംബ്ലവും ഇടം പിടിച്ചത്. കോനാട് ബീച്ചില്‍ എംടിയുടെ ഓര്‍മയ്ക്കായി സാഹിത്യമ്യുസിയം നിര്‍മിക്കാന്‍ ബജറ്റില്‍ തീരുമാനിച്ചിട്ടുണ്ട്.