കോര്‍പറേഷനില്‍ ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്ന ആരോപണം തെറ്റെന്ന് മേയര്‍
1479809
Sunday, November 17, 2024 6:56 AM IST
കോഴിക്കോട് :കോഴിക്കോട് കോർപറേഷൻ ഓഫീസിൽ ഭരണസ്തംഭനമെന്നും ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ട അവധിയാണെന്നുമുള്ള യുഡിഎഫ് ആരോപണം ദുരുദ്ദേശത്തോടെയെന്ന് മേയര്‍ ഡോ. ബീനാഫിലിപ്പ്.കോർപറേഷനുകളിൽ മികച്ച നിലയിൽ സേവനങ്ങൾ നടത്തി മുന്നോട്ടു പോകുന്ന നഗരസഭയാണ് കോഴിക്കോട് കോർപറേഷൻ.
കേരളത്തിലെ നഗരസഭകളിൽ കെസ്മാർട്ട് വഴി ഓൺലൈനായാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്നതിനാൽ കോർപറേഷനിൽ ലഭ്യമായ അപേക്ഷകളുടെ എണ്ണവും അവയിൽ തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണവും കൃത്യമായി കണക്കാക്കാൻ കഴിയുന്നതാണ്. കോർപറേഷൻ സെക്രട്ടറിയുടെ ലോഗിനിൽ ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നത് തികച്ചും തെറ്റായ ആരോപണമാണ്.
നിലവിൽ കോർപ്പറേഷൻ സെക്രട്ടറി അവധിയിലായതിനാൽ സെക്രട്ടറിയുടെയും അഡീഷണൽ സെക്രട്ടറിയുടെയും ഫയലുകൾ അഡീഷണൽ സെക്രട്ടറിയാണ് കൈകാര്യം ചെയ്യുന്നത്. ആയതിൽ ആകെ 502 ഫയലാണ് ഉള്ളത്. ടി ലോഗിനിൽ ഒരു ദിവസം 300 ലധികം ഫയലുകൾ വരാറുള്ളത് കൊണ്ട് തന്നെ പ്രസ്തുത ഫയലുകൾ പെൻഡിംഗ് ഫയലായി കണക്കാക്കുവാൻ കഴിയില്ല. ലോഗിനിൽ കാണുന്ന ഫയലുകൾ നടപടി സ്വീകരിച്ചു വരുന്ന റണ്ണിംഗ് ഫയലുകളാണെന്നും പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.
ഫീസ് അടക്കാൻ അറിയിപ്പ് നൽകിയത്, പരാതികളിൽ നോട്ടീസ് അയച്ചു മറുപടിക്ക് വേണ്ടി കാത്തിരിക്കുന്ന ഫയലുകൾ, സിആർസെഡ് ക്ലിയറൻസിന് അയച്ച ഫയലുകൾ, പിസിബി എൻഒസി-ക്ക് അയച്ച ഫയലുകൾ, ഫയർ എൻഒസി –ക്ക് അയച്ച ഫയലുകൾ,കേസ് ഫയലുകളിൽ വിധി വരുന്നതിന് മുമ്പുള്ള ഫയലുകൾ തുടങ്ങിയ സ്റ്റേജുകളിലുള്ള ഇത്തരം ഫയലുകൾ പെന്‍ഡിംഗ് ഫയലുകളായി കണക്കാക്കാൻ കഴിയുകയില്ല. അവ യഥാക്രമം നടപടി സ്വീകരിച്ചു വരുന്ന റണ്ണിംഗ് ഫയലുകളാളെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.