കാലിക്കട്ടിൽ വിജ്ഞാപനം ചെയ്ത ഒഴിവുകൾ രണ്ട്: നിയമനം മൂന്നു പേർക്ക് വിസിക്ക് പരാതി നൽകി സിൻഡിക്കറ്റംഗം
1479438
Saturday, November 16, 2024 5:41 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ചരിത്രപഠന വിഭാഗം അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് വിജ്ഞാപനം ചെയ്തത് രണ്ട് ഒഴിവിലേക്കാണെങ്കിലും നിയമനം നൽകിയത് മൂന്ന് പേർക്കെന്ന് പരാതി. കഴിഞ്ഞ സിൻഡിക്കറ്റിന്റെ കാലത്ത് 2019ൽ ചരിത്ര പഠന വിഭാഗത്തിലേക്ക് രണ്ട് അസിസ്റ്റന്റ്റ് പ്രഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. തുടർന്ന് 2021 ൽ അഭിമുഖം നടത്തി രണ്ട് പേരെ നിയമിച്ചു. ഡോ. പി. സതീഷ് (ജനറൽ) ഡോ. എം. അഷിത ( ഇടിബി) എന്നിവർക്കാണ് അന്ന് നിയമനം നൽകിയത്.
എന്നാൽ, മൂന്ന് വർഷത്തിന്ശേഷം പുതിയ വിജ്ഞാപനമോ അഭിമുഖമോ നടത്താതെ പുതിയൊരു ഉദ്യോഗാർഥിയെ കൂടി സർവകലാശാല നിയമിച്ചു. ഡോ. കെ.ടി സാദിഖലി ക്കായിരുന്നു നിയമനം.
സാമുദായിക സംവരണ ഊഴത്തിലാണോ ഓപ്പൺ വിഭാഗത്തിലാണോ നിയമനമെന്ന് നിയമന ഉത്തരവിലില്ല. ജൂലൈ 15നാണ് അദ്ദേഹം നിയമിതനായത്. വിജ്ഞാപനം ചെയ്യാത്ത തസ്തികയിൽ എങ്ങനെ നിയമനം നടന്നുവെന്നത് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പ്രതിനിധിയായ സിൻഡിക്കറ്റംഗം ഡോ. പി. റഷീദ് അഹമ്മദ്, വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന് പരാതി നൽകി. അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി മറച്ചുവയ്ക്കാനാണ് ഈ വിചിത്ര നിയമനമെന്നാണ് പരാതിയിലെ ആരോപണം.
സർവകലാശാല നടത്തിയ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിൽ ഉപയോഗിച്ച സംവരണ റൊട്ടേഷൻ ചാർട്ടിൽ തെറ്റുപറ്റിയിട്ടുണ്ടെന്നും അത് പുനഃക്രമീകരിക്കണമെന്നും നേരത്തെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ വിധിയെ സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് തനിക്ക് ലഭിക്കേണ്ട തസ്തികയിൽ ഡോ. പി. സതീഷിനെ സംവരണം തെറ്റിച്ച് നിയമവിരുദ്ധമായി നിയമിച്ചുവെന്ന പരാതിയുമായി സാദിഖലി ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ വാദം നടന്നുകൊണ്ടിരിക്കെയാണ് സാദിഖലിക്ക് നിയമനം നൽകിയത്.
അസിസ്റ്റന്റ് പ്രഫസറായി സാദിഖലിയെ നിയമിച്ചത് ഓപ്പൺ ക്വാട്ടയിലാണോ റിസർവേഷൻ ക്വാട്ടയിലാണോ എന്നും അദ്ദേഹത്തെ റിസർവേഷൻ റൊട്ടേഷൻ ചാർട്ടിലെ ഏത് ടേണിലാണ് നിയമിച്ചതെന്നും സർവകലാശാല വ്യക്തമാക്കണമെന്നും രണ്ടു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതിനു ശേഷം മൂന്ന് അധ്യാപകരെ നിയമിച്ച നിയമവിരുദ്ധ നടപടി സർവകലാശാല ഉടൻ തിരുത്തണമെന്നും സാദിഖലിക്ക് നിയമവിധേയമായ രീതിയിൽ നിയമന ഉത്തരവ് നൽകണമെന്നും റഷീദ് അഹമ്മദ് പരാതിയിൽ ആവശ്യപ്പെട്ടു.