ആനയാംകുന്ന് വെസ്റ്റ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് 10ന്
1479435
Saturday, November 16, 2024 5:41 AM IST
മുക്കം: കാരശേരി പഞ്ചായത്ത് വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ആനയാംകുന്ന് വെസ്റ്റ് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ പത്തിന് നടക്കും. പഞ്ചായത്തംഗമായിരുന്ന കോൺഗ്രസിലെ കുഞ്ഞാലിമമ്പാട്ടിന്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഇടത് സ്ഥാനാർഥി ആരിഫിനെ 125 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കുഞ്ഞാലി മമ്പാട്ട് വിജയിച്ചിരുന്നത്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനകം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. യുഡിഎഫിൽ പത്തോളം പേർ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചതായാണ് സൂചന. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വാർഡ് തിരിച്ചുപിടിക്കാനായി വിജയസാധ്യതയുള്ള സ്ഥാനാർഥിക്കായി ഇടത് മുന്നണിയും അന്വേഷണമാരംഭിച്ചു. വാർഡിൽ സ്വാധീനമുള്ള പ്രമുഖ കുടുംബത്തിന് കൂടി സ്വീകാര്യനായ സ്ഥാനാർഥിയെയാണ് എൽഡിഎഫ് പരിഗണിക്കുന്നത്.
അതിനിടെ വയനാട് ഉപതെരഞ്ഞെടുപ്പിന്റെ ക്ഷീണം മാറും മുമ്പ് മറ്റൊരു ഉപതെരഞ്ഞെടുപ്പിന് കൂടി തയാറെടുക്കേണ്ടി വരുന്നത് ഇരുമുന്നണി പ്രവർത്തകർക്കും വലിയ പ്രയാസവും സൃഷ്ടിക്കുന്നുണ്ട്. 18 അംഗ ഭരണസമിതിയിൽ യുഡിഎഫിന് പത്തും എൽഡിഎഫിന് എട്ടും അംഗങ്ങളാണ് ഉള്ളത്. യുഡിഎഫ് വിജയിച്ചാൽ നിലവിലെ സ്ഥിതി തുടരുകയും ഇടത് മുന്നണി വിജയിച്ചാൽ ഒന്‍പത് വീതം അംഗങ്ങൾ ഇരുമുന്നണികൾക്കാവുകയും ചെയ്യും. അതുകൊണ്ട് തന്നെ രണ്ട് മുന്നണികളും അരയും തലയും മുറുക്കി പോരാടുമെന്ന് ഉറപ്പാണ്.