നഗരത്തില്‍ ഇനി കൗമാര കലാവസന്തം ; റവന്യൂജില്ലാ സ്കൂള്‍ കലോത്സവം 19 മുതല്‍
1479811
Sunday, November 17, 2024 6:56 AM IST
കോഴിക്കോട്: നഗരത്തിന് ഇനി കൗമാരകലയുടെ നാളുകള്‍. യുനെസ്കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ചശേഷം നഗരം ആതിഥേയത്വം വഹിക്കുന്ന റവന്യൂജില്ലാ സ്കൂള്‍ കലോത്സവം 19 മുതല്‍ 23 വരെ 20 വേദികളിലായി നടക്കും. എണ്ണായിരത്തോളം കുട്ടികള്‍ കലാമത്സരത്തിന്റെ ഭാഗമാകുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. മനോജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടാണ് പ്രധാന വേദി. 19ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതല്‍ 23 വരെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. മേളയ്ക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്എച്ച്എസ് ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ പതാക ഉയര്‍ത്തും.
ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും. മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും. സാഹിത്യകാരന് ബെന്യാമിന് മുഖ്യാതിഥിയാവും. മേയര്‍ ഡോ.ബീന ഫിലിപ്പ്, എംപിമാരായ എം.കെ രാഘവന്, ഷാഫി പറമ്പില്‍, പി.ടി. ഉഷ എന്നിവര്‍ പങ്കെടുക്കും.
319 ഇനങ്ങളിലാണ് മത്സരം. മാന്വല്‍ പരിഷ്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങള്‍ ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദിയില്‍ അരങ്ങേറും. കോഴിക്കോട്ടുകാരായ മണ്മറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.
പ്രധാന വേദിയുടെ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മം കഴിഞ്ഞ ദിവസം നടന്നു. പന്തലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. കലോത്സവ ലോഗോ നേരത്തെ പ്രകാശനം ചെയ്തിരുന്നു. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ചെയര്‍മാനായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. മനോജ് കുമാര്‍ ജനറല്‍ കണ്‍വീനറായുമുള്ള സംഘാടകസമിതിയാണ് കലോത്സവത്തിനു നേതൃത്വം നല്‍കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേളയില്‍ പങ്കെടുന്നവര്ക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് ഗവണ്മെന്റ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മീഡിയ റൂം, മീഡിയ പവലിയന്, വേദികളില്‍നിന്നും തല്‍സമയ സംപ്രേഷണം ഉള്‍പ്പെടെയുള്ള വിപുലമായ സംവിധാനങ്ങള്‍ സജീകരിക്കുന്നുണ്ട്.
അച്യുതന് ഗേള്‍സ് ഹൈസ്കൂള്‍, സാമൂതിരി സ്കൂള്‍, വെസറ്റ്ഹില് സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ്, ആംഗ്ളോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ്, ബിഇഎം എച്ച്എസ്എസ്, പ്രൊവിഡന്‍സ് എച്ച്എസ്എസ്, പ്രൊവിഡന്‍സ് എല്‍പി, സെന്റ് ആഞ്ചലോസ് യുപി, ഗണപത് ബോയ്സ് എച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് നടക്കാവ്, സെന്റ് ആന്റണീസ് യുപി സ്കൂള്‍, സെന്റ് ജോസഫ്സ് എച്ച്എസ്എസ്, ഹിമായത്തുല്‍ എച്ച്എസ്എസ്, അച്യുതന് ഗേള്‍സ് എല്‍പി, പരപ്പില്‍ എംഎംഎച്ച്എസ്എസ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജ് എന്നിവിടങ്ങളാണ് വേദികള്‍.
മീഡിയ സെന്റര്‍ ഉദ്ഘാടനം 18ന് 3 മണിക്ക് പോള്‍ കല്ലാനോട് നിര്‍വഹിക്കും. 23 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഡോ. എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി. ഗിരീഷ് കുമാര്‍, മീഡിയ കമ്മിറ്റി ചെയര്മാന് ഇ.പി. മുഹമ്മദ്, കണ്‍വീനര്‍ പി.കെ.അബ്ദുല്‍ സത്താര്‍, ഡിഡിഇ ഓഫീസ് സൂപ്രണ്ട് കെ. എന്‍. ദീപ, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ കെ. സുധിന എന്നിവര്‍ പങ്കെടുത്തു.