എം.ടി. പത്മയുടെ വിയോഗത്തില്‍ പൗരാവലി അനുശോചിച്ചു
1479176
Friday, November 15, 2024 4:32 AM IST
കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന എം.ടി. പത്മയുടെ നിര്യാണത്തില്‍ കോഴിക്കോട് പൗരാവലി അനുശോചനം രേഖപ്പെടുത്തി. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ലാളിത്യവും വിനയവും കൊണ്ട് ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ നേതാവായിരുന്നു പത്മയെന്ന് മേയര്‍ അഭിപ്രായപ്പെട്ടു.
രണ്ട് തവണ സംസ്ഥാന മന്ത്രിയും മൂന്ന് തവണ നിയമസഭാ സാമാജികയും കോര്പറേഷന് കൗണ്‍സിലര്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കാന്‍ അവസരം ഉണ്ടായിട്ടും തെല്ലും അഹങ്കാരം വച്ചുപുലര്‍ത്താത്ത നേതാവായിരുന്നു പത്മയെന്ന് അവര്‍ പറഞ്ഞു.
എം.കെ. രാഘവന് എംപി അനുശോചന പ്രമേയം അവതരിപ്പിച്ചു. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, ടി.പി. ദാസന്, അഡ്വ. സജീവന്, പി. ഗവാസ്, എം. ആലിക്കോയ, പി. കിഷന്‍ചന്ദ്, മുഹമ്മദാലി, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എന്‍.എ. അശോകന്, മുന്‍ മേയര്‍ ഒ. രാജഗോപാല്‍, അഡ്വ. കെ. ജയന്ത്, അഡ്വ . പിഎം. നിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.