കാലിക്കട്ട് കാമ്പസിൽ പ്രോജക്ട് മോഡ് കോഴ്സുകൾ തയാർ
1479439
Saturday, November 16, 2024 5:41 AM IST
തേഞ്ഞിപ്പലം: ഉന്നത വിദ്യാദ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കാലിക്കട്ട് സർവകലാശാല ക്യാമ്പസിൽ ആദ്യമായി തുടങ്ങുന്ന പ്രോജക്ട് മോഡ് കോഴ്സുകളിലേക്ക് വിദ്യാർഥി പ്രവേശനത്തിന് നടപടി തുടങ്ങി. കൂടുതൽ തൊഴിൽ സാധ്യതയുള്ള ഒരു വർഷത്തെ മൂന്ന് വിഷയങ്ങളിലുള്ള ഡിപ്ലോമ കോഴ്സുകളാണ് സർവകലാശാലയിൽ ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്.
പാരമ്പര്യ കോഴ്സുകളിൽ നിന്ന് വ്യത്യസ്തമായി വേഗത്തിൽ മികച്ച ജോലി ലഭിക്കാവുന്ന തൊഴിൽ നൈപുണ്യ കോഴ്സുകളാണിവ. സർവകലാശാലയിലെ ഇലക്ട്രോണിക് മൾട്ടി മീഡിയ റിസർച്ച് സെന്ററിന് ( ഇഎംഎംആർസി ) കീഴിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പിൽ ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, ബോട്ടണി പഠന വകുപ്പിൽ കൊമേഴ്ഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി -ഹോർട്ടി കൾച്ചറൽ ക്രോപ്സ് പ്രോഗ്രാം എന്നീ പ്രോജക്ട് മോഡ് കോഴ്സുകളിലേക്കാണ് വിദ്യാർഥി പ്രവേശനം.
ഏത് വിഷയത്തിലുമുള്ള ബിരുദ കോഴ്സുകൾ വിജയിച്ചവർക്ക് പ്രവേശനം ലഭിക്കും. ആദ്യത്തെ ആറ് മാസം തിയറിയും പിന്നീടുള്ള ആറ് മാസം പ്രായോഗിക സെഷനുമുള്ള കോഴ്സിൽ സെമസ്റ്ററിന് 25000 രൂപയാണ് ഫീസ്. കോഴ്സ് നടത്തിപ്പിനായി പഠന വകുപ്പുകളിൽ ക്ലാസ് മുറികൾ അടക്കം പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിൽ എട്ട് അധ്യാപകരെയും നിയമിച്ചു. ഒരു വർഷം മുമ്പാണ് പ്രോജക്ട് മോഡ് കോഴ്സുകൾ ആരംഭിക്കുന്നതിനായി സർവകലാശാലയിൽ തയാറെടുപ്പ് തുടങ്ങിയത്. സിലബസ് നിയമാവലി എന്നിവയ്ക്ക് അക്കാദമിക് കൗൺസിലിന്റെ അംഗീകാരം ഉൾപ്പെടെ നേടിയെടുത്താണ് കോഴ്സുകൾ ആരംഭിക്കുന്നത്.